ജയനെ അനുകരിക്കരുത്..!
കൂത്തുപറമ്പ്: വെള്ളം കുടിക്കാന്‍ ഉപയോഗിക്കുന്ന കുപ്പി ഗ്ലാസ് കൊണ്ട് തേങ്ങ ഉടച്ചാല്‍ എന്താണു സംഭവിക്കുക..? ഗ്ലാസ് പൊട്ടുകയും ചിലപ്പോള്‍ കൈക്കു മുറിവേല്‍ക്കുകയും ചെയ്യുമെന്നൊക്കെ ഉത്തരം പറയുന്നവരോടു ചിരിച്ചുകൊണ്ട് ജയന്‍ പറയും, ഒറ്റ ഇരുപ്പിനു താന്‍ ഗ്ലാസ് കൊണ്ട് നൂറിലേറെ തേങ്ങ ഉടയ്ക്കുമെന്ന്. ലൈറ്റ് ആന്‍ഡ് സൗണ്ട് സ്ഥാപന ജീവനക്കാരനും പാചകത്തൊഴിലാളിയുമായ വാഴമലയിലെ ജയനാണു വിസ്മയ പ്രകടനത്തിലൂടെ ഇപ്പോള്‍ നാട്ടിലെ താരമായി മാറിയത്. തേങ്ങ ഉടയ്ക്കാന്‍ കൊടുവാള്‍ കിട്ടാതെ വന്നപ്പോള്‍ പരീക്ഷണാര്‍ഥം ചെയ്തു നോക്കിയതാണു ഗ്ലാസ് കൊണ്ട് തേങ്ങ ഉടയ്ക്കല്‍ പ്രവൃത്തിയെന്നു ജയന്‍ പറയുന്നു. ആദ്യ ശ്രമം തന്നെ വിജയിച്ചതോടെ പിന്നെ തേങ്ങ ഉടയ്ക്കാന്‍ ജയനു കൊടുവാള്‍ അന്വേഷിക്കേണ്ടി വന്നതേയില്ല. ഈ പ്രവൃത്തി കണ്ടുനിന്ന ചിലര്‍ ഇത് അനുകരിക്കാന്‍ ശ്രമിച്ചു നോക്കിയെങ്കിലും ഗ്ലാസ് പൊട്ടി കൈ മുറിഞ്ഞതായിരുന്നു അനുഭവം. ചിലര്‍ ജയനോടു പന്തയംവച്ചു. പന്തയം വച്ചയാള്‍ കൊടുവാള്‍കൊണ്ടും ജയന്‍ കുപ്പി ഗ്ലാസ് കൊണ്ടും തേങ്ങ ഉടയ്ക്കാന്‍ തുടങ്ങി. ഏറ്റവും കൂടുതല്‍ തേങ്ങ ഉടച്ച് ജയന്‍ തന്നെ വിജയിയായി. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കു ഭക്ഷണം തയാറാക്കാന്‍ ആവശ്യമായ തേങ്ങകള്‍ ഉടയ്ക്കാന്‍ ഇദ്ദേഹം കൊടുവാള്‍ ഉപയോഗിക്കാറേയില്ല. ഗ്ലാസ് തന്നെയാണ് ആയുധം. തന്റെ ഈയൊരു പ്രകടനം പൊതുവേദികളില്‍ അവതരിപ്പിക്കണമെന്ന ചെറിയൊരു ആഗ്രഹവുമുണ്ടെന്നു ജയന്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."