ഗെയ്ല്‍ പൈപ്പ്‌ലൈനും ദേശീയപാതാ വികസനവും സമരസമിതിയില്‍ നിന്നു സി.പി.എം പിന്മാറുന്നു
കോഴിക്കോട്: ദേശീയ പാത വികസനവും ഗെയ്ല്‍ പൈപ്പ് ലൈന്‍ പദ്ധതിയും നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നു. ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ തന്നെ വികസിപ്പിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ നിന്നും പിന്നോട്ടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിരുന്നു. ഗെയ്ല്‍ ഗ്യാസ് പൈപ്പ് ലൈന്‍ പദ്ധതിയും നടപ്പാക്കാന്‍ തന്നെയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രതിഷേധം കാരണം നടപ്പാക്കാന്‍ കഴിയാതെ പോയ ഈ രണ്ടു പദ്ധതികളും എത്രയും വേഗം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. ദേശീയപാത വികസനത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് കഴിഞ്ഞ ദിവസം ചേര്‍ന്ന ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുകയാണ്. സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനെ തുടര്‍ന്ന ഈ പദ്ധതിയില്‍ നിന്നും ദേശീയ പാത അതോറിറ്റി പിന്‍മാറിയിരുന്നു. തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 45 മീറ്റര്‍ സ്ഥലം തന്നെ എടുത്തുനല്‍കുമെന്ന് ഉറപ്പു നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അതോറിറ്റി വീണ്ടും രംഗത്തു വരികയായിരുന്നു.
പ്രാദേശിക സമര സമിതികളില്‍ നിന്നും സി.പി.എം പിന്മാറിയെങ്കിലും വെല്‍ഫെയര്‍ പാര്‍ട്ടി,എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകളും മറ്റു പ്രകൃതി സംരക്ഷണ സമിതികളും പ്രതിഷേധവുമായി രംഗത്തുണ്ട്. ഏറ്റെടുക്കുന്ന ഭൂമിക്കു വലിയ വില നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നത് വെല്ലുവിളിയാണ്. ദേശീയ പാത അതോറിറ്റി നിശ്ചയിക്കുന്ന വില കേരളത്തില്‍ മതിയാവില്ല. 20,000 കോടി രൂപ കേന്ദ്രത്തില്‍ നിന്നും ലഭിക്കാനാണ് സാധ്യത. ദേശീയ പാത 17 ലും 47 ലും 610 കിലോ മീറ്ററാണ് വികസപ്പിക്കാനുള്ളത്. എന്നാല്‍ എത്രപേരെ കുടിയിറക്കേണ്ടിവരുമെന്നതിനെ കുറിച്ച വ്യക്തമായ കണക്ക് സര്‍ക്കാരിന്റെ പക്കലില്ല. ഒരു ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിക്കേണ്ടി വരുമെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ കണ്ടെത്തിയത്. വികസനത്തിന്റെ ഭാഗമായി ഭൂമി ഏറ്റെടുക്കുമ്പോള്‍ നിലവില്‍ ദേശീയ പാതയുടെ ഓരങ്ങളിലുള്ള കടകള്‍ മിക്കതും പൊളിക്കേണ്ടിവരും. ഇതിനുള്ള നഷ്ടപരിഹാരം കണ്ടെത്തുക എന്നത് ഇതിനേക്കാള്‍ വലിയ വെല്ലുവിളിയാവാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."