കോലഴി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം; പ്രതിപക്ഷം ബാലറ്റ്‌പെട്ടി വലിച്ചെറിഞ്ഞു
വടക്കാഞ്ചേരി: കോലഴി പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നാടകീയ സംഭവ വികാസങ്ങളും ഭരണ പ്രതിപക്ഷ വാക്കേറ്റവും നടന്നു. വോട്ടെടുപ്പ് പുരോഗമിയ്ക്കുന്നതിനിടയില്‍ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ആനി റാഫേല്‍ സീറ്റിലിരുന്ന് വോട്ട് രേഖപ്പെടുത്തിയെന്ന് ആരോപിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്. ഇത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും വോട്ട് അസാധുവാക്കണമെന്നും പ്രതിപക്ഷ മെംബര്‍മാര്‍ ഒന്നടങ്കം ആവശ്യപ്പെട്ടതോടെ യോഗഹാള്‍ വന്‍ ബഹളത്തിന്റെ വേദിയായി.
പ്രതിപക്ഷ ആവശ്യത്തിനെതിരേ തടസവാദങ്ങളുമായി ഭരണപക്ഷവും രംഗത്തെത്തിയതോടെ നേരിയ സംഘര്‍ഷാവസ്ഥയും ഉടലെടുത്തു. ഇതോടെ വോട്ടെടുപ്പ് തടസപ്പെട്ടു. റിട്ടേണിങ് ഓഫിസറുടെ മുന്നിലുണ്ടായിരുന്ന താല്‍കാലിക ബാലറ്റ്‌പെട്ടി തട്ടിയെടുത്ത പ്രതിപക്ഷ മെംബര്‍മാര്‍ അതു വലിച്ചെറിഞ്ഞു. ഇതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായി. റിട്ടേണിങ് ഓഫിസര്‍ ഉന്നത അധികൃതരുമായി ചര്‍ച്ച നടത്തുകയും ചട്ടലംഘനം നടന്നിട്ടില്ലെന്ന നിഗമനത്തിലെത്തുകയും പൊലിസ് സഹായത്തോടെ വോട്ടെടുപ്പ് നടത്താന്‍ തീരുമാനമെടുക്കുകയും ചെയ്തു. ഇതോടെ പ്രതിപക്ഷം ശാന്തരാവുകയും വോട്ടെടുപ്പില്‍ പങ്കെടുക്കുകയും ചെയ്തു. യു.ഡി.എഫിലെ പി.ജി ഉണ്ണികൃഷ്ണനെ (15 -ാം വാര്‍ഡ്) പ്രസിഡന്റായും ജെസി ലോനപ്പനെ (17- ാം വാര്‍ഡ്) വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
ഇടതുമുന്നണി സ്ഥാനാര്‍ഥികളായി മത്സരിച്ച ഐ.ബി സന്തോഷിനേയും ലക്ഷമി വിശ്വംഭരനേയും ഏഴിനെതിരെ ഒന്‍പത് വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയായിരുന്നു വിജയം. പ്രസിഡന്റായിരുന്ന എ.ജെ ഷാജുവും വൈസ് പ്രസിഡന്റ് ആനി റാഫേലും യു.ഡി.എഫ് ധാരണ പ്രകാരം രാജിവച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
എരുമപ്പെട്ടി സബ്ബ് രജിസ്ട്രാര്‍ ഓഫിസര്‍ ഡീന പോളായിരുന്നു വരണാധികാരി. പുതിയ പ്രസിഡന്റും വൈസ് പ്രസിഡന്റും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റു. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനാണ് ഇടതുമുന്നണി ശ്രമം നടത്തിയതെന്ന് യു.ഡി.എഫ് ആരോപിച്ചു. നിയമം കൈയിലെടുക്കാനാണ് പ്രതിപക്ഷ മെംബര്‍മാര്‍ ശ്രമിച്ചത്. ഇരു പാര്‍ട്ടികളും മെംബര്‍മാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു.
അതുകൊണ്ടു തന്നെ വോട്ടെടുപ്പില്‍ ഒരു രഹസ്യ സ്വഭാവവും ഇല്ലെന്നും യു.ഡി.എഫ് വടക്കാഞ്ചേരി നിയോജക മണ്ഡലം ചെയര്‍മാന്‍ എന്‍.എ സാബു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."