ലയനം നാളെ; കേരളാ കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിരിച്ചുവിെട്ടന്ന് ജോണി നെല്ലൂര്‍
കൊച്ചി: പി.ജെ ജോസഫും സി.എഫ് തോമസും നയിക്കുന്ന കേരള കോണ്‍ഗ്രസ് (എം) ല്‍ ലയിക്കുന്നതിന്റെ ഭാഗമായി കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിരിച്ചുവിട്ടെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലയന സമ്മേളനം നാളെ വൈകിട്ട് നാലിന് എറണാകുളം രാജേന്ദ്ര മൈതാനത്ത് നടക്കും. പാര്‍ട്ടി പിരിച്ചുവിട്ടകാര്യം തെരഞ്ഞെടുപ്പ് കമ്മിഷനെ ഉടന്‍ അറിയിക്കും. പാര്‍ട്ടി ചെയര്‍മാനായ തന്റെ പേരിലാണ് പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍. ഈ സാഹചര്യത്തില്‍ പാര്‍ട്ടി പിരിച്ചുവിടാന്‍ തനിക്ക് അധികാരമുണ്ട്. അനൂപ് ജേക്കബിന് വീണ്ടും അപേക്ഷ നല്‍കി കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്ന പേര് സ്വീകരിക്കാം.
താന്‍ സ്ഥാനമോഹിയാണെന്ന അനൂപിന്റെ ആക്ഷേപം പ്രതികരണം അര്‍ഹിക്കുന്നില്ല. ഇപ്പോള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് പാര്‍ട്ടി സ്ഥാപകന്‍ ടി.എം ജേക്കബിന്റെ അന്ത്യാഭിലാഷമാണ്. അതിന്റെ പേരില്‍ അനൂപോ അമ്മ ഡെയ്‌സി ജേക്കബോ ഇനിയും ആക്ഷേപമുന്നയിച്ചാല്‍ മിണ്ടാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജേക്കബിന്റെ പേരിലുള്ള പാര്‍ട്ടി നിലനില്‍ക്കണമെന്നാണ് അനൂപ് ജേക്കബ് ഇപ്പോള്‍ പറയുന്നത്. എന്നാല്‍ ജേക്കബ് തന്നെ 2005ല്‍ കെ. കരുണാകരന്‍ രൂപീകരിച്ച ഡി.ഐ.സിയില്‍ ലയിച്ചകാര്യം അനൂപ് ഓര്‍ക്കണമെന്നും ജോണി പറഞ്ഞു.
മൂവാറ്റുപുഴ നിയമസഭാ സീറ്റ് ആരുടെയും സ്വത്തല്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. സീറ്റുകള്‍ ഒരു വ്യക്തിയുടെയും സ്വന്തമല്ല. അത് യു.ഡി.എഫിന്റേതാണ്. വാഴയ്ക്കന്റെ അഭിപ്രായത്തോട് കൂടുതല്‍ പ്രതികരിക്കാനില്ല. കുട്ടനാട് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാനുള്ള സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലയന സമ്മേളനം കേരള കോണ്‍ഗ്രസ് (എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ ജോസഫ് ഉദ്ഘാടനം ചെയ്യും. ജോണി നെല്ലൂര്‍ അധ്യക്ഷത വഹിക്കും. കേരള കോണ്‍ഗ്രസ് (എം) ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ്, മോന്‍സ് ജോസഫ് എം.എല്‍.എ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."