ഒരു ഇന്ത്യന്‍ അപാരത
ബംഗളൂരു: കൃത്യ സമയത്ത് ഇന്ത്യ മികവു പുലര്‍ത്തി. കൈവിട്ടു പോകുമെന്നു കരുതിയ മത്സരം ബൗളിങ് മികവിലൂടെ തിരിച്ചുപിടിച്ചപ്പോള്‍ ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ആദ്യ ടെസ്റ്റില്‍ നാണംകെട്ട തോല്‍വിക്ക് ആതേ നാണയത്തില്‍ തന്നെ ഇന്ത്യ തിരിച്ചടിച്ചു. 75 റണ്‍സിനാണു ഇന്ത്യയുടെ വിജയം. ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര 1-1നു സമനിലയിലെത്തിക്കാനും ഇന്ത്യക്കു സാധിച്ചു. രണ്ടിന്നിങ്‌സിലും അര്‍ധ ശതകം നേടി ഇന്ത്യന്‍ ബാറ്റിങിനു കരുത്തായി നിന്ന ലോകേഷ് രാഹുലാണു കളിയിലെ കേമന്‍.
188 റണ്‍സ് വിജയ ലക്ഷ്യത്തിലേക്കു ബാറ്റു വീശിയ ആസ്‌ത്രേലിയന്‍ ബാറ്റിങ് നിര വെറും 112 റണ്‍സില്‍ കൂടാരം കയറി. ബാറ്റിങ് ദുഷ്‌കരമായ പച്ചില്‍ ആറു വിക്കറ്റുകള്‍ പിഴുത് ആര്‍ അശ്വിന്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാരെ കറക്കി വീഴ്ത്തുന്നതില്‍ മുന്നില്‍ നിന്നു. നാലു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സെന്ന നിലയില്‍ മുന്നോട്ടു പോയ ഓസീസിന്റെ അഞ്ചാം വിക്കറ്റ് 101 റണ്‍സില്‍ വീണു. പിന്നെയെല്ലാം ചടങ്ങായിരുന്നു. 11 റണ്‍സെടുക്കുന്നതിനിടെ ഓസീസിന്റെ അവസാന ആറു വിക്കറ്റുകളും നിലംപൊത്തി. ഒരു ദിവസം അവശേഷിക്കേയാണു പിടിച്ചു നില്‍ക്കാനുള്ള ആര്‍ജവം നഷ്ടപ്പെട്ടുള്ള ഓസീസിന്റ കീഴടങ്ങല്‍. അശ്വിന്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ശേഷിച്ച നാലു വിക്കറ്റുകള്‍ ജഡേജ രണ്ടും ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി പങ്കിട്ടെടുത്തു.
ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 189 റണ്‍സെടുത്തപ്പോള്‍ ഓസീസ് 276 റണ്‍സ് കണ്ടെത്തി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 274 റണ്‍സെടുത്തു ഓസീസിനു മുന്നില്‍ 188 റണ്‍സ് വിജയ ലക്ഷ്യം വയ്ക്കുകയായിരുന്നു. കുറഞ്ഞ ലക്ഷ്യം അനായാസം മറികടക്കാമെന്ന ആസ്‌ത്രേലിയന്‍ പ്രതീക്ഷ ഇന്ത്യന്‍ ബൗളര്‍മാര്‍ തല്ലിക്കെടുത്തി. 12.4 ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ ആറു വിക്കറ്റുകള്‍ വീഴ്ത്തിയത്. സ്റ്റീവന്‍ സ്മിത്ത് (28), ഹാന്‍ഡ്‌സ്‌കോംപ് (24), ഡേവിഡ് വാര്‍ണര്‍ (17), മിച്ചല്‍ മാര്‍ഷ് (13) എന്നിവര്‍ മാത്രമാണു രണ്ടക്കം കടന്നത്. റെന്‍െേഷാ (അഞ്ച്), ഷോണ്‍ മാര്‍ഷ് (ഒന്‍പത്), വെയ്ഡ് (പൂജ്യം) സ്റ്റാര്‍ക്ക് (ഒന്ന്) ഒകീഫ് (രണ്ട്), ലിയോണ്‍ (രണ്ട്) എന്നിവരെല്ലാം വന്നതു പോലെ മടങ്ങി.
നേരത്തെ നാലാം ദിനം നാലിനു 213 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യ 274 റണ്‍സിനു പപുറത്തായി. അര്‍ഹിച്ച സെഞ്ച്വറി നേടാന്‍ പൂജാരയ്ക്കു സാധിച്ചില്ലെന്നതു ഇന്ത്യക്ക് നിരാശ സമ്മാനിക്കുന്നതായിരുന്നു. മൂന്നാം ദിനം പൂജാര- രഹാനെ സഖ്യം ഇന്ത്യയെ മുന്നോട്ടു നയിച്ചെങ്കിലും നാലാം ദിനത്തില്‍ അധിക നേരം നില്‍ക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. കഴിഞ്ഞ ദിവസത്തെ സ്‌കോറിനോടു 12 റണ്‍സ് കൂട്ടിച്ചേര്‍ത്ത് രഹാനെയാണ് ആദ്യം പുറത്തായത്. 52 റണ്‍സായിരുന്നു രഹാനെയുടെ സമ്പാദ്യം. അഞ്ചാം വിക്കറ്റില്‍ പൂജാര- രഹാനെ സഖ്യം 118 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടര്‍ന്നെത്തിയ കരുണ്‍ നായര്‍ മികവു പുലര്‍ത്തുമെന്നു പ്രതീക്ഷിച്ചെങ്കിലും ഗോള്‍ഡന്‍ ഡക്കായി മടങ്ങാനായിരുന്നു താരത്തിന്റെ യോഗം. തൊട്ടുപിന്നാലെ പൂജാരയും മടങ്ങി. 221 പന്തില്‍ ഏഴു ബൗണ്ടറികള്‍ സഹിതം 92 റണ്‍സായിരുന്നു പൂജാര നേടിയത്. പിന്നീട് ഇന്ത്യന്‍ തകര്‍ച്ച പെട്ടന്നായിരുന്നു. അശ്വിന്‍ (നാല്) ഉമേഷ് യാദവ് (ഒന്ന്) ഇഷാന്ത് ശര്‍മ (ആറ്) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. 20 റണ്‍സുമായി വൃദ്ധിമാന്‍ സാഹ പുറത്താകാതെ നിന്നു. പൂജാരയ്ക്കും രഹാനെയ്ക്കും പുറമേ നേരത്തെ ഓപണര്‍ കെ.എല്‍ രാഹുലും അര്‍ധ സെഞ്ച്വറി (51) നേടിയിരുന്നു. ഓസീസിനായി ഹാസ്‌ലെവുഡ് ആറു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഒകീഫ്, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ പിഴുതു.
ബേദിയെ പിന്തള്ളി അശ്വിന്‍
ബംഗളൂരു: ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍
വീഴ്ത്തുന്ന ബൗളര്‍മാരുടെ പട്ടികയില്‍ അശ്വിന്‍ അഞ്ചാം സ്ഥാനത്തേക്ക് കയറി. ഓസീസിനെതിരേ ആറു വിക്കറ്റുകള്‍ വീഴ്ത്തി 269 വിക്കറ്റുകള്‍ തികച്ചാണു അശ്വിന്‍ സ്ഥാനം മെച്ചപ്പെടുത്തിയത്. അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ബിഷന്‍ സിങ് ബേദിയെ പിന്തള്ളിയാണു അശ്വിന്‍ അഞ്ചിലേക്കുയര്‍ന്നത്. 266 വിക്കറ്റുകളായിരുന്നു ബേദിയുടെ സമ്പാദ്യം. അശ്വിന്‍ നേടിയ 269 വിക്കറ്റുകളില്‍ 202ഉം ഇന്ത്യന്‍ മണ്ണിലാണു. ഇന്ത്യയിലെ വിക്കറ്റ് നേട്ടം 200 കടത്താനും താരത്തിനായി. 619 വിക്കറ്റുകളുമായി അനില്‍ കുംബ്ലെയാണു ഒന്നാമത്. കപില്‍ ദേവ് (434), ഹര്‍ഭജന്‍ സിങ് (417), സഹീര്‍ ഖാന്‍ (311) എന്നിവരാണു പട്ടികയിലെ
ആദ്യ നാലു സ്ഥാനത്തുള്ളത്.
ഡി.ആര്‍.എസില്‍ സ്മിത്തും കുടുങ്ങി
ബംഗളൂരു: രണ്ടാം ടെസ്റ്റില്‍ ഓസീസ് നായകന്‍ സ്റ്റീവന്‍ സ്മിത്തിന്റെ മോശം പെരുമാറ്റം വിവാദമായി. ഉമേഷ് യാദവിന്റെ പന്തില്‍ സ്മിത്ത് വിക്കറ്റിനു മുന്നില്‍ കുടുങ്ങി. ഇന്ത്യന്‍ താരങ്ങളുടെ അപ്പീല്‍ അംഗീകരിച്ച അമ്പയര്‍ സ്മിത്തിനെതിരേ ഔട്ട് വിളിച്ചു. എന്നാല്‍ പിച്ച് വിട്ടു പോകാന്‍ തയ്യാറാകാതെ സ്മിത്ത് മൈതാന മധ്യത്ത് നിലയുറപ്പിച്ചു.
വിഷയം ഗ്രൗണ്ടില്‍ നാടകീയമായ സംഭവങ്ങള്‍ക്കും വഴിവച്ചു. ഡി.ആര്‍.എസ് വേണോയെന്നു സ്മിത്ത് ഡ്രസിങ് റൂമിലേക്ക് നോക്കി അഭിപ്രായം ആരാഞ്ഞത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ചൊടിപ്പിച്ചു. സ്മിത്തിനോടു മൈതാനം വിടാന്‍ ആവശ്യപ്പെട്ട കോഹ്‌ലി അമ്പയറുടെ അടുത്തു പരാതിയും പറഞ്ഞു. അമ്പയര്‍ സ്മിത്തിനോടു മൈതാനം വിടാന്‍ ആവശ്യപ്പെട്ടതോടെയാണു ഓസീസ് നായകന്‍ മടങ്ങിയത്.
ഡിആര്‍എസ് വിളിക്കണമോയെന്നു ഡ്രസിങ് റൂമിലേയ്ക്ക് സ്മിത്ത് വിളിച്ചു ചോദിച്ചതു കളിയുടെ മാന്യതയ്ക്കു ചേരാത്ത നടപടിയായെന്ന തരത്തിലാണു ചര്‍ച്ചകള്‍. മത്സര ശേഷം ഡി.ആര്‍.എസ് വിഷയത്തില്‍ സ്മിത്ത് സ്വീകരിച്ച നടപടി നിയമവിരുദ്ധമാണെന്നു നായകന്‍ കോഹ്‌ലി തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."