സന്തോഷ് ട്രോഫി കേരളാ ടീമില്‍ നാലു മലപ്പുറത്തുകാര്‍
മലപ്പുറം: സന്തോഷ് ട്രോഫിക്കുള്ള കേരളാ ടീമില്‍ ഇത്തവണ ജില്ലയില്‍നിന്നു നാലു പേര് ഇടംപിടിച്ചു. ഗോള്‍ കീപ്പര്‍ മുഹമ്മദ് അസ്ഹര്‍, ഡിഫന്‍ഡര്‍മാരായ വൈ.പി മുഹമ്മദ് ഷരീഫ്, സഫ്വാന് മേമന, മുഹമ്മദ് സലാഹ് എന്നിവരാണ് മലപ്പുറത്തുനിന്നു ടീമിലെത്തിയത്. ഷരീഫിനു ടീമില്‍ ഇതു രണ്ടാം ഊഴമാണ്. മറ്റു മൂന്നുപേരും ആദ്യമായാണ് ടീമിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം രണ്ടുപേര്‍ മാത്രമായിരുന്നു കേരളാ ടീമിലെ ജില്ലയുടെ പ്രാതിനിധ്യം. കൊല്‍ക്കത്തയില്‍ കിരീടം നേടിയ ടീമിലെ അംഗമായിരുന്ന ഷരീഫ് എന്ന ചെറിയാപ്പു അരീക്കോട് താഴത്തങ്ങാടി യാക്കിപ്പറമ്പന്‍ ജാഹിദിന്റെയും മറിയക്കുട്ടിയുടെയും മകനാണ്. നാഷനല്‍ ഇന്റര്‍ വാഴ്സിറ്റി ഫുട്ബാളില്‍ കാലിക്കറ്റ് സര്‍വകലാശാല സംഘത്തെ നയിച്ചിരുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി വിലങ്ങപ്പുറം മേമന അബ്ദുല്‍ കരീം-ഫാത്വിമ ദമ്പതികളുടെ മകനായ സഫ്വാന് അണ്ടര്‍ 18 ഐ ലീഗില്‍ പൂനെ ഡി.എസ്.കെ ശിവജിയന്‍സിനു വേണ്ടി കളിച്ചിട്ടുണ്ട്. വിവാ ചെന്നൈയുടെയും ഗോകുലം എഫ്.സിയുടെയും താരമായിരുന്നു.
പെരിന്തല്‍മണ്ണ പാതായിക്കര അഷ്റഫ്-സലീന ദമ്പതികളുടെ പുത്രനാണ് അസ്ഹര്‍. കാലിക്കറ്റ് സര്‍വകലാശാല ടീമിലും ഗോകുലം എഫ്.സിയിലും അംഗമായിരുന്നു. മഞ്ചേരി എന്‍.എസ്.എസ് കോളജ് സംഘത്തിന്റെ ഗോള്‍ കീപ്പറാണ്. തിരൂര്‍ മീനടത്തൂരിലെ കക്കോടി രായിന്‍ മൂസയുടെയും സഫിയയുടെയും മകനാണ് സലാഹ്. തിരൂര്‍ സാറ്റ് ക്ലബിലൂടെ തുടങ്ങി ഗോകുലം എഫ്.സിക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."