വിവാഹം ചെയ്ത് വഞ്ചിച്ച റിട്ട. എ.എസ്.ഐക്കെതിരേ പരാതിയുമായി യുവതി വനിതാ കമ്മിഷനില്‍
കൊച്ചി: ആദ്യ വിവാഹം മറച്ചുവച്ച് തന്നെ വിവാഹം കഴിച്ച് വഞ്ചിച്ച തലയോലപ്പറമ്പ് സ്വദേശിയായ വിരമിച്ച എ.എസ്.ഐക്കെതിരേ പരാതിയുമായി യുവതി വനിതാ കമ്മിഷന്‍ അദാലത്തില്‍. ഇന്നലെ എറണാകുളം വൈ.എം.സി.എയില്‍ നടന്ന അദാലത്തിലാണ് പുത്തന്‍ കുരിശ് സ്വദേശിയായ 48 വയസുകാരി പരാതിയുമായി എത്തിയത്.
ഇവര്‍ തൃപ്പൂണിത്തുറയിലെ ഒരു സ്വകാര്യ ബാങ്കില്‍ സ്വീപ്പറായി ജോലി നോക്കുന്ന സമയത്ത് തൃപ്പുണിത്തുറ എ.എസ്.ഐ ആയിരുന്ന പ്രതി ഇവരെ പരിചയപ്പെടുകയും പിന്നീട് നിരന്തരമായി വിവാഹം കഴിക്കണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി ഇയാളോട് വീട്ടില്‍വന്ന് വിവാഹം ആലോചിക്കാന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ വിവാഹം ആലോചിച്ച് എത്തി.
തലയോലപ്പറമ്പിലുള്ള ഒരു ക്ഷേത്രത്തില്‍വച്ച് വിവാഹം തീരുമാനിച്ചു. ബന്ധുമിത്രാദികളുമായി വിവാഹത്തിന് എത്താമെന്ന് പറഞ്ഞ എ.എസ്.ഐ ഒറ്റക്കായിരുന്ന സ്ഥലത്തെത്തിയത്. തുടര്‍ന്ന് വിവാഹത്തിനു ശേഷം ഇയാള്‍ യുവതിയുമായി വാടകവീട്ടിലേക്ക് താമസ മാറി.
കല്യാണം നടന്ന് ഒന്‍പതാം ദിവസം എവിടേക്കോ പൊകുന്നുവെന്ന് പറഞ്ഞ് പോയ ഇയാള്‍ പിന്നീട് തിരികെ വരാതിരുന്നതിനെ തുടര്‍ന്ന് യുവതി നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ വിവാഹിതനും പ്രായപൂര്‍ത്തിയായ കുട്ടികള്‍ ഉള്ളയാളാണെന്നും മനസിലായത്. ഇതിനെതിരെ യുവതി പുത്തന്‍ കുരിശ് പൊലിസില്‍ പരാതി നല്‍കി.
കേസ് നടക്കുന്നതിനിടെ പ്രതിയും ബന്ധുക്കളും തന്നെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും വനിത കമ്മിഷന് നല്‍കിയ പരാതിയില്‍ പറയുന്നു. കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ചാര്‍ജ് ഷീറ്റ് ഹാജരാക്കാന്‍ കമ്മിഷന്‍ പൊലിസിന് നിര്‍ദേശം നല്‍കി.ഇന്നലെ നടന്ന സിറ്റിങ്ങില്‍ 90 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 24 എണ്ണം തീര്‍പ്പാക്കി. 41 കേസുകള്‍ അടുത്ത സിറ്റിങ്ങിനായി മാറ്റി. 16 കേസുകളില്‍ വിവിധ വകുപ്പുകളില്‍ നിന്ന് റിപ്പോര്‍ട്ട് തേടി, ആറ് കേസുകള്‍ ആര്‍.ഡി.ഒക്ക് കൈമാറുകയും മൂന്ന് കേസുകള്‍ കൗണ്‍സിലിങ്ങിനായി അയക്കുകയും ചെയ്തു.
അയല്‍ക്കുട്ടത്തില്‍ നിന്ന് നീക്കം ചെയ്‌തെന്ന് കാണിച്ച് അങ്കമാലി സ്വദേശിനി നല്‍കിയ പരാതിയില്‍ അഗംത്വം പുനസ്ഥപാപിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കോ ഓഡിനേറ്റര്‍ക്ക് കമ്മിഷന്‍ കത്തുനല്‍കി. ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളില്‍ എതിര്‍കക്ഷികളെ വിളിച്ചുവരുത്താന്‍ കമ്മിഷന്‍ തീരുമാനിച്ചു.
കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍, അംഗങ്ങളായ ഷിജി ശിവജി, ഇ.എം രാധ, ഷാഹിദ കമാല്‍, ഡയറക്ടര്‍ വി.യു കുര്യാക്കോസ്, അഡ്വ. ആനി പോള്‍, വനിത സെല്‍ എസ്.ഐ സോണ്‍ മേരിപോള്‍, ഷെറിന്‍ പോള്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."