സുഗന്ധഗിരിയില്‍ മാവോയിസ്റ്റുകള്‍ എത്തിയതായി സൂചന
വൈത്തിരി: സുഗന്ധഗിരിയില്‍ നാലംഗ മാവോയിസ്റ്റുകളെത്തിയതായി സൂചന.
പ്രദേശത്തെ വീടുകളില്‍ ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്. സുഗന്ധഗിരിയിലെ ആനപ്പാതി, മാങ്ങാപ്പാടി പ്രദേശങ്ങളിലെ വീടുകളിലാണ് മാവോയിസ്റ്റുകളെത്തിയതായി സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് രണ്ട് സ്ത്രീകളും രണ്ട് പുരുഷന്മാരും അടങ്ങുന്ന സംഘം സുഗന്ധഗിരി ആനപ്പതിയില് എത്തിയത്. പ്രദേശത്തെ വീടുകളില്‍ മാവോയിസ്റ്റ് ലഘുലേഖകളും കാട്ടുതീയുടെ ഡിസംബര്‍ മാസത്തെ ലക്കവും വിതരണം ചെയ്തതായി പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മൂന്നംഗ സംഘമാണ് സ്ഥലത്തെത്തിയതെന്ന് പറയുന്നുണ്ടെങ്കിലും എത്രപേരുണ്ടെന്നും ആരൊക്കെയാണെന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലിസ് അധികൃതര്‍ അറിയിച്ചു. ഇതില്‍ ഒരാള്‍ മലയാളത്തിലാണ് സംസാരിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ വീടുകളിലെത്തിയത് ജയണ്ണ, സുന്ദരി, ജിഷ തുടങ്ങിയവരാണെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് വ്യാപകപരിശോധനയും നടത്തുന്നുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സി.പി.ഐ മാവോയിസ്റ്റ് കബനി ഏരിയ കമ്മിറ്റിയുടെ പേരില്‍ വിതരണം ചെയ്ത ലഘുലേഖകളും ഡിസംബര്‍ മാസത്തെ കാട്ടുതീയുടെ ലക്കവുമാണ് വിതരണം ചെയ്തിരിക്കുന്നത്. ശബരിമല സ്ത്രീ പ്രവേശനം, പ്രളയം, ബ്രഹ്മഗിരി മല സംരക്ഷണം തുടങ്ങിയവയെല്ലാം ലഘുലേഖയില്‍ പരാമര്‍ശിക്കുന്നുണ്ട്. വൈത്തിരി, ലക്കിടി മേഖലകള്‍ കേന്ദ്രീകരിച്ച് പലപ്പോഴും മാവോയിസ്റ്റ് സാന്നിധ്യമുണ്ടാകുന്നത് പൊലിസിനും തലവേദനയുണ്ടാക്കുന്നുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രത്യേക അന്വേഷണ സംവിധാനം രൂപീകരിച്ചതായുളള മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പിറകെ ഇത്തരത്തില്‍ ലഘുലേഖകളുമായി മാവോയിസ്റ്റുകള്‍ രംഗത്തെത്തിയതും ശ്രദ്ധേയമാണ്. പ്രദേശത്ത് മാവോയിസ്റ്റുകള്‍ക്കായി പൊലിസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."