റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക: അന്തിമ ലിസ്റ്റും തല തിരിഞ്ഞ്
കോഴിക്കോട്: ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരായവരേയും അല്ലാത്തവരേയും കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയുടെ അന്തിമ ലിസ്റ്റിലും അപാകതകളുടെ പെരുമഴ. അനര്‍ഹര്‍ പലരും ഇടംനേടിയപ്പോള്‍ അര്‍ഹരയാവര്‍ പുറത്തു തന്നെ.
സര്‍ക്കാര്‍ ആദ്യം പുറത്തിറക്കിയ പരിഗണനാ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അര്‍ഹരെ ചേര്‍ക്കാര്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ഹിയറിങ്ങ് നടത്തിയിരുന്നു.
എന്നാല്‍ ഇപ്പോള്‍ പുറത്തിങ്ങിയ അന്തിമ ലിസ്റ്റില്‍ ഹിയറിങ്ങില്‍ ഹാജരായി അര്‍ഹരാണെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചവരില്‍ പലരുമില്ല.
ഹിയറിങ്ങിനു ഹാജരായവരില്‍ 99 ശതമാനം പേരും പുതിയ ലിസ്റ്റില്‍ പുറത്താണ്. ഹിയറിങ്ങ് കേവലം വഴിപാടായിരുന്നുവെന്നാണ് ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ പറയുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് സഭകള്‍ സര്‍ക്കാര്‍ പുറത്തിറക്കിയ അന്തിമ ലിസ്റ്റ് അംഗീകരിച്ചു നല്‍കേണ്ട അവസാന ദിവസമാണിന്ന്. എന്നാല്‍ ലിസ്റ്റിലില്ലാത്ത അര്‍ഹരായവരെ ഉള്‍പ്പെടുത്താന്‍ വാര്‍ഡു സഭകള്‍ക്കു കഴിയില്ല. അനര്‍ഹരെ കണ്ടെത്തി ലിസ്റ്റില്‍നിന്നു ഒഴിവാക്കണമെന്ന നിര്‍ദേശം നല്‍കാനേ വാര്‍ഡുസഭകള്‍ക്കു കഴിയുകയുള്ളു. അന്തിമ ലിസ്റ്റിലെ അനര്‍ഹരുടെ പേരുകള്‍ കണ്ടെത്തി നല്‍കാനാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയ നിര്‍ദേശം.
പുതിയ ആളുകളെ ചേര്‍ക്കുന്നതിനെക്കുറിച്ചു ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. വാര്‍ഡു സഭകള്‍ വഴിയാണ് ഇതു ചെയ്യേണ്ടത്. എന്നാല്‍ മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അന്തിമ ലിസ്റ്റ് അംഗീകരിക്കാതെ ലിസ്റ്റില്‍ ഉള്‍പ്പെടേണ്ടവരുടെ പേരുകള്‍ ചേര്‍ത്തു സര്‍ക്കാരിനു നല്‍കിയിരിക്കുകയാണ്.
അന്തിമലിസ്റ്റിലും നിരവധി താളപ്പിഴകളാണ് ഉള്ളത്. വാര്‍ഡുസഭകള്‍ക്കു നല്‍കിയ ലിസ്റ്റില്‍ മറ്റു വാര്‍ഡിലുള്ളവരുടെ പേരുകളുമുണ്ട്.
എന്നാല്‍ ആ വാര്‍ഡിലെ പലരുടേയും പേരുകളില്ലതാനും. മറ്റു വാര്‍ഡിലുള്ളവര്‍ അര്‍ഹരാണോ എന്നു കണ്ടെത്തി നല്‍കേണ്ട അവസ്ഥയാണ് മെമ്പര്‍മാര്‍ക്കും കൗണ്‍സിലര്‍മാര്‍ക്കുമുള്ളത്. ഇതു സാധിക്കില്ലെന്നും ലിസ്റ്റ് പുനപരിശോധിക്കണമെന്നുമാണ് കോര്‍പറേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരിഗണനാ ലിസ്റ്റില്‍ പേരുള്ള ചിലരും അന്തിമ ലിസ്റ്റില്‍ നിന്നും പുറത്തായിരിക്കുകയാണ്. നിലവില്‍ റേഷന്‍ കടകളില്‍ നിന്നും ആനുകൂല്യം ലഭിക്കുന്നവര്‍ ഇതോടെ പുറത്താവും. ചികിത്സ ചെലവുള്‍പ്പെടെ സര്‍ക്കാര്‍ ആനുകൂല്യം നല്‍കാന്‍ ഈ പട്ടിക പരിഗണിച്ചാല്‍ ആനുകൂല്യം നഷ്ടപ്പെടുമെന്ന ആശങ്കയും ജനങ്ങള്‍ക്കുണ്ട്.
അംഗീകരിക്കാനാകില്ലെന്ന് കോര്‍പ്പറേഷന്‍
കോഴിക്കോട്: ഭക്ഷ്യസുരക്ഷ ാ പദ്ധതിയുടെ ഭാഗമായി തയാറാക്കിയ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടിക അംഗീകരിക്കാനാകില്ലെന്നും അപാകതകളേറെയുള്ള പട്ടിക പുന:പരിശോധിക്കാന്‍ പ്രമേയം മുഖേന സംസ്ഥാന ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെടാനും കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. ഇന്നലെ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക കൗണ്‍സില്‍ യോഗത്തിന്റെതാണ് തീരുമാനം.
കൗണ്‍സിലര്‍മാര്‍ക്ക് പരിശോധിക്കാന്‍ നല്‍കിയ റേഷന്‍ മുന്‍ഗണനാ ലിസ്റ്റില്‍ അപാകതകളേറെയെന്ന് ഭരണപക്ഷപ്രതിപക്ഷ ഭേദമന്യേ കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി. കൃത്യതയില്ലാത്ത പട്ടിക കൗണ്‍സില്‍ അംഗീകരിക്കേണ്ടതുണ്ടോ എന്ന് കൗണ്‍സില്‍ പരിശോധിക്കണമെന്ന് മേയര്‍ പറഞ്ഞു. ഈ ലിസ്റ്റ്‌വച്ച് ഒന്നും ചെയ്യാനാകില്ല. എവിടെ നോക്കിയാണ് പട്ടിക തയാറാക്കിയതെന്ന് മനസിലാകുന്നില്ല. അപാകതകള്‍ നിറഞ്ഞ പട്ടിക കോര്‍പ്പറേഷന് എങ്ങിനെ അംഗീകരിക്കാനാകുമെന്ന് മേയര്‍ ആരാഞ്ഞു.
തങ്ങള്‍ക്ക് നല്‍കിയ പട്ടിക പ്രകാരം റേഷന്‍ മുന്‍ഗണനാ പട്ടികയില്‍നിന്ന് അനര്‍ഹരെ കണ്ടെത്തുന്നത് പ്രയാസമാണെന്ന് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. കൗണ്‍സിലര്‍മാര്‍ക്ക് നല്‍കിയ പട്ടികയില്‍ വാര്‍ഡില്‍ ഇല്ലാത്ത ആളുകളും ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവരെ കണ്ടുപിടിക്കുക പ്രയാസമാണ്. ചെരുപ്പുണ്ടാക്കിയ ശേഷം കാല് മുറിക്കാന്‍ പറയുന്നത് പോലെയാണ് തങ്ങളെ പട്ടികയിലെ അംഗീകരിക്കുന്നതിനായി നിയോഗിക്കുന്നത്. ആളുകള്‍ക്ക് റേഷന്‍ കിട്ടാതായാല്‍ കൗണ്‍സിലര്‍മാര്‍ പഴി കേള്‍ക്കേണ്ടിവരും.
വാര്‍ഡ് അടിസ്ഥാനത്തിലല്ല പട്ടിക തയ്യാറാക്കിയിട്ടുള്ളത്. റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടേണ്ട പല ആളുകളും പുറത്താണ്. പട്ടിക പ്രഹസനമാവുകയാണെന്ന്. കോര്‍പ്പറേഷന് പുറത്തുള്ള ആളുകള്‍ പോലും പട്ടികയില്‍ ഉള്‍പ്പെട്ടതായി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.
സി. അബ്ദുറഹിമാന്‍, പി.പി ബീരാന്‍ കോയ, എം. രാധാകൃഷ്ണന്‍ , കെ.വി ബാബുരാജ്, നമ്പിടി നാരായണന്‍, പി. കിഷന്‍ചന്ദ്, വിദ്യാബാലകൃഷ്ണന്‍, എം.എം പത്മാവതി, ഹാജറ, എം.പി പത്മനാഭന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."