10 ലക്ഷം പാട്ടംനല്‍കി അവര്‍ ഉല്‍പാദിപ്പിച്ചത് 376 കോടിയുടെ വൈദ്യുതി
തൊടുപുഴ: വെറും 10 ലക്ഷം രൂപ പ്രതിവര്‍ഷം കേരളത്തിന് നല്‍കി മുല്ലപ്പെരിയാര്‍ ജലം ഉപയോഗിച്ച് തമിഴ്‌നാട് ഉല്‍പാദിപ്പിക്കുന്നത് കോടികളുടെ വൈദ്യുതി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലം ഉപയോഗിച്ച് കഴിഞ്ഞ ഒന്‍പത് മാസം കൊണ്ട് തമിഴ്‌നാട് ഉല്‍പാദിപ്പിച്ചത് 376 കോടി രൂപയുടെ വൈദ്യുതിയാണ്. 2019 ജൂണ്‍ മുതല്‍ 2020 ഫെബ്രുവരി 19 വരെയുള്ള കണക്കാണിത്. ഇക്കാലയളവില്‍ ലോവര്‍ ക്യാംപിലെ പെരിയാര്‍ പവര്‍ സ്റ്റേഷനില്‍ 502 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഉല്‍പാദിപ്പിച്ചത്. തമിഴ്‌നാട്ടിലെ ശരാശരി വൈദ്യുതി യൂനിറ്റ് വിലയായ 7.50 വച്ച് കണക്കുകൂട്ടിയാല്‍ 376.5 കോടി രൂപയുടെ വൈദ്യുതിയാണിത്. പീക്ക് ലോഡ് സമയങ്ങളില്‍ യൂനിറ്റിന് 12 രൂപ വരെ മുടക്കി പവര്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് തമിഴ്‌നാട് വൈദ്യുതി വാങ്ങുന്നുണ്ട്. ഈ തുക വച്ച് കണക്കുകൂട്ടിയാല്‍ ഇത് 602 കോടിയുടെ വൈദ്യുതി വരും.
എന്നാല്‍ ഇതിനായി തമിഴ്‌നാട് ഇപ്പോഴും കേരളത്തിന് നല്‍കുന്ന പാട്ടത്തുക പ്രതിവര്‍ഷം 10 ലക്ഷം രൂപ മാത്രമാണ്. അണക്കെട്ടിന്റെ വസ്തു കരമായ രണ്ടര ലക്ഷം രൂപയും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന്റെ റോയല്‍റ്റി ഏഴര ലക്ഷം രൂപയും ചേര്‍ത്ത് 10 ലക്ഷം രൂപ തമിഴ്‌നാട് കൃത്യമായി അടച്ച് രസീത് വാങ്ങുന്നുണ്ട്.
മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ലക്ഷ്യമിട്ട് 1959 ലാണ് ലോവര്‍ ക്യാംപില്‍ തമിഴ്‌നാട് പെരിയാര്‍ വൈദ്യുതി നിലയം സ്ഥാപിച്ചത്. 140 മെഗാവാട്ടായിരുന്നു തുടക്കത്തില്‍ ഉല്‍പാദന ശേഷി. പിന്നീട് ശേഷി കൂട്ടുകയായിരുന്നു. പെരിയാര്‍ പവര്‍ സ്റ്റേഷന്റെ ഇപ്പോഴത്തെ ശേഷി 168 മെഗാവാട്ടാണ്. 42 മെഗാവാട്ട് വീതം ശേഷിയുള്ള നാല് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. സെക്കന്‍ഡില്‍ 1600 ഘന അടി ജലമാണ് ഇത്രയും വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യം.
ഇവിടെ വൈദ്യുതി ഉല്‍പാദനത്തിനു ശേഷം പുറന്തള്ളുന്ന വെള്ളം കുരുവനത്ത് പാലം, കാഞ്ചിമരത്തുറൈ, വെട്ടുകാട്, കെ.ജിപ്പെട്ടി എന്നിവിടങ്ങളിലെ നാല് മിനി പവര്‍ ഹൗസുകളിലും എത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. 12.5 മെഗാവാട്ട് വൈദ്യുതിയാണ് ഇങ്ങനെ ഉല്‍പാദിപ്പിക്കുന്നത്.
മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുത്തനെ താഴ്ന്നതിനെത്തുടര്‍ന്ന് ഫെബ്രുവരി 20 മുതല്‍ ലോവര്‍ ക്യാംപ് പവര്‍ സ്റ്റേഷനില്‍ ഉല്‍പാദനം നിര്‍ത്തിവച്ചിരിക്കുകയാണ്. ഇവിടെ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചത് കഴിഞ്ഞ വര്‍ഷമാണ്.
700.6 ദശലക്ഷം യൂനിറ്റ് വൈദ്യുതി കഴിഞ്ഞ വര്‍ഷം ലോവര്‍ ക്യാംപ് പവര്‍ ഹൗസില്‍ ഉല്‍പാദിപ്പിച്ചു. ലോവര്‍ ക്യാംപില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി തിരുനെല്‍വേലിയില്‍ എത്തിച്ചാണ് വിതരണ ശൃംഖലയിലേക്ക് നല്‍കുന്നത്.
ഉയര്‍ന്ന വൈദ്യുതി ഉപയോഗത്തില്‍ രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ രണ്ടാം സ്ഥാനമാണ് തമിഴ്‌നാടിന്. കേരളത്തിന്റെ നാലിരട്ടിയിലധികമാണ് തമിഴ്‌നാടിന്റെ പ്രതിദിന വൈദ്യുതി ഉപയോഗം. പീക്ക് ലോഡ് സമയത്ത് ചെന്നൈ നഗരത്തില്‍ മാത്രം കേരളത്തിന്റെ മൊത്തം ഉപയോഗത്തേക്കാള്‍ കൂടുതല്‍ വൈദ്യുതി വേണ്ടിവരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."