കടലാസില്‍ ഒതുങ്ങി പെരിയ പൊലിസ് സ്റ്റേഷന്‍
പെരിയ: ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധി വിഭജിച്ച് പെരിയയില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന ആഭ്യന്തര വകുപ്പിന്റെ പ്രഖ്യാപനം കടലാസിലൊതുങ്ങി. മുന്‍ സര്‍ക്കാരിന്റെ ഭരണകാലത്തു തന്നെ പെരിയയില്‍ പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള നടപടികള്‍ കൈകൊള്ളുമെന്ന് പറഞ്ഞിരുന്നെങ്കിലും സ്റ്റേഷന്‍ അനുവദിച്ചിരുന്നില്ല.
എന്നാല്‍ ഭരണം മാറി രണ്ടുവര്‍ഷം പിന്നിട്ടെങ്കിലും ജില്ലയിലെ മറ്റു ചില പ്രദേശങ്ങളില്‍ പൊലിസ് സ്റ്റേഷന്‍ അനുവദിച്ച അവസരത്തിലും പെരിയയില്‍ പൊലിസ് സ്റ്റേഷന്‍ അനുവദിക്കാനുള്ള നടപടികള്‍ ഉണ്ടായില്ല.
നിലവില്‍ ബേക്കല്‍ സ്റ്റേഷന്റെ പരിധിയിലാണ് പെരിയ, കല്ല്യോട്ട് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍. തീരദേശ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പൊലിസ് സ്റ്റേഷനില്‍ നിന്നു പൊലിസ് സേനക്ക് മലയോര മേഖലയുള്‍പ്പെടെയുള്ള സ്റ്റേഷന്‍ പരിധിയിലെ പ്രദേശങ്ങളില്‍ എത്തിച്ചേരാന്‍ ഏറെ പ്രയാസം നേരിടേണ്ടി വരുന്നു.
ബേക്കല്‍ സ്റ്റേഷനില്‍നിന്നു പരിധിയിലെ കല്ല്യോട്ട് പ്രദേശത്ത് എത്തിച്ചേരണമെങ്കില്‍ 17 കിലോമീറ്ററിലധികം ദൂരം ഓടിയെത്തെണം. ഇതിനുപുറമെ പ്രശ്‌നബാധിത പ്രദേശങ്ങളിലെ സുരക്ഷ കൂടി ബേക്കല്‍ പൊലിസിന്റെ ചുമതലയില്‍ ഉള്ളതിനാല്‍ സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സേനാ അംഗങ്ങള്‍ക്ക് വിദൂര സ്ഥലങ്ങളിലേക്ക് ഓടിയെത്താന്‍ പ്രയാസം നേരിടുന്ന അവസ്ഥ നിലവിലുണ്ട്.
എന്നാല്‍ മൂന്നുവര്‍ഷം മുന്‍പ് ആഭ്യന്തരവകുപ്പ് ജില്ലയില്‍ മേല്‍പറമ്പ്, പെരിയ പ്രദേശങ്ങളില്‍ പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഈയടുത്ത് മേല്‍പറമ്പില്‍ മാത്രമാണ് പൊലിസ് സ്റ്റേഷന്‍ അനുവദിച്ചത്. എന്നാല്‍ പ്രസ്തുത സ്റ്റേഷന്‍ ഇതുവരെയും തുറന്നിട്ടില്ല.
അതേസമയം, പെരിയ ബസ്സ്റ്റാന്‍ഡ് പ്രദേശത്ത് ഒരു എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിരുന്നെങ്കിലും ഇതില്‍ പൊലിസ് ഉണ്ടാകാറുള്ളത് അപൂര്‍വമാണെന്ന് പ്രദേശവാസികള്‍ പറയുന്നു.
പെരിയയില്‍ കേന്ദ്ര സര്‍വകാലാശാല ഉള്‍പ്പെടെ സ്ഥാപിതമായ ശേഷം നൂറുകണക്കിനാളുകള്‍ നിത്യേന എത്തിച്ചേരുന്ന തിരക്കേറിയ കവലയായി മാറ്റിയിട്ടുണ്ട്. അടിക്കടി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്ന ചില പ്രദേശങ്ങളും പെരിയ ഭാഗത്ത് ഉണ്ട്. ഇതേ തുടര്‍ന്നാണ് മൂന്നുവര്‍ഷം മുന്‍പ് പെരിയയില്‍ പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് ആഭ്യന്തര വകുപ്പ് പ്രഖ്യാപനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."