മുനീസിനും മെഹറിനും കിടപ്പാടമെന്ന സ്വപ്‌നത്തിന് മദീനയിലെ നഴ്‌സുമാരുടെ കാരുണ്യ ഹസ്തം
മദീന: ജീവിതത്തിന്റെ പച്ചപ്പിനായി മലാരണ്യത്തിലേക്ക് വിമാനം കയറി ദുരിത ജീവിതം സമ്മാനമായി കിട്ടി അവസാനം മരണത്തിനു കീഴ് പെട്ട യുവാവിന്റെ കുടുംബത്തിന് കാരുണ്യ ഹസ്തവുമായി മദീനയിലെ നഴ്‌സ് കൂട്ടായ്മ. ഒരുമാസം മുന്‍പ് മദീനയില്‍ മരിച്ച മലപ്പുറം രണ്ടത്താണി സ്വദേശി മുനീറിന്റെ കുടുംബത്തിന് കിടപ്പാടം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മദീനയിലെ നഴ്‌സിംഗ് കൂടായ്മ.
രണ്ട് വര്‍ഷം മുമ്പാണ് മുനീര്‍ മദീനയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായി എത്തുന്നത്.10 മണിക്കൂര്‍ ജോലി ചെയ്തിട്ടും കരാര്‍ പ്രകാരമുള്ള 1200 റിയാലിന് പകരം ലഭിച്ചത് 300 റിയാല്‍ മാത്രം. ശമ്പള വര്‍ധനനക്കായി പലപ്രാവശ്യം ആവശ്യപ്പെട്ടങ്കിലും ഫലമുണ്ടായില്ല. ഇതുകാരണം, മുനീര്‍ മാനസികമായി ഏറെ വിഷമത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.
സാമൂഹ്യ രാഷ്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം രണ്ട് മാസം മുമ്പ് അവധി കഴിഞ്ഞ് തിരിച്ചെത്തിയെങ്കിലും ശാരീരിക അസ്വസ്ഥതമൂലം ജോലിക്ക് ഹാജരാകാന്‍ സാധിച്ചിരുന്നില്ല. സ്വന്തമായി ഒരുവീട് നിര്‍മിക്കുന്നപക്ഷം സ്ഥിരമായി നാട്ടില്‍ കൂടണമെന്ന് ചിന്തയിലാണ് അവധി കഴിഞ്ഞ് മദീനയില്‍ എത്തുന്നതും അപ്രതീക്ഷിതമായി ഭാര്യ മെഹറുന്നീസ, മക്കളായ മുനീസ്, മെഹറിന്‍ എന്നിവരെ അനാഥരാക്കി മരണത്തിന് കീഴടങ്ങുന്നതും. മുനീര്‍ മരിക്കുമ്പോള്‍ മെഹറുന്നീസ പൂര്‍ണ ഗര്‍ഭിണിയായിരുന്നു. മുനീറിന്റെ കുടുംബത്തിന്റെ ദാരുണമായ അവസ്ഥ കേട്ടറിഞ്ഞ മദീനയിലെ സുമനസ്സുകളും രാഷ്ട്രീയ സാമൂഹ്യപ്രവര്‍ത്തകരും ഇവര്‍ക്ക് വീടുവെച്ച് നല്‍കാന്‍ തീരുമാനിച്ചിരുന്നു. അതിനിടയിലാണ് മലയാളി നഴ്‌സസ് വനിതാ കൂട്ടായ്മ മുന്നോട്ട് വന്നത്.
മദീനയിലെ വിവിധ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാര്‍ സ്ത്രീ സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ ഒത്തൊരുമിച്ച് രണ്ട് ലക്ഷത്തോളം രൂപ ഇതിനകം സമാഹരിച്ചു. മദീനയിലെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്യുന്ന നഫീസ, ഷീനാസ്, മെഹനാസ് (വിലാദ ഹോസ്പിറ്റല്‍), ഷീജ , ബിന്‍സി അനസ് (കിംഗ് ഫഹദ് ഹോസ്പിറ്റല്‍), ഷീന ഷാനവാസ്, മൈമൂന, കൊച്ചുറാണി ജോമോന്‍ (ഉഹദ് ഹോസ്പിറ്റല്‍) ഷെമി മുബാറക്ക് (സഊദി ജര്‍മന്‍ ഹോസ്പിറ്റല്‍), സാജിത ടീച്ചര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഭവന നിര്‍മ്മാണ ഫണ്ട് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഇതിനായി സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ നിസാര്‍ കരുനാഗപ്പള്ളി (0551527407), ജോമോന്‍ തായങ്കരി (0502777514) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."