തിരൂര്‍ പള്ളി തിരുനാളിനിടെ സംഘര്‍ഷം വിദ്യാര്‍ഥികളെ ജയിലിലടച്ചതില്‍ പ്രതിഷേധം
വടക്കാഞ്ചേരി: തിരൂര്‍ സെന്റ് തോമസ് പള്ളി തിരുനാളിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ പൊലിസുകാരന് പരുക്കേറ്റ സംഭവത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ച അഞ്ച് വിദ്യാര്‍ഥികള്‍ക്കും ഒരു മുന്‍ പട്ടാളക്കാരനും ജാമ്യം ലഭിയ്ക്കാത്തതില്‍ വന്‍ പ്രതിഷേധം.
പൊലിസ് അറസ്റ്റ് ചെയ്ത് ക്രൂശിയ്ക്കുന്നത് നിരപരാധികളെയാണെന്നും വിദ്യാര്‍ഥികളുടെ ഭാവി തന്നെ തകര്‍ക്കുന്ന നടപടികളാണ് പൊലിസ് കൈകൊള്ളുന്നതെന്നും ആരോപിച്ച് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പള്ളിയ്ക്ക് മുന്നില്‍ തടിച്ച് കൂടുകയും കുര്‍ബാന തടയുകയും ചെയ്തു. കഴിഞ്ഞ 14ന് രാത്രി നടന്ന സംഭവത്തില്‍ മുന്‍ പട്ടാളക്കാരന്‍ ഹെന്‍ട്രി ലൂക്കോസ് (50) , സി.എല്‍.സി പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ ഹാരിസന്‍ (20), പാലമറ്റംമിലന്‍ (21), വട്ടക്കുഴി അജിത് (23), ആളൂര്‍ ടിന്റു (23), നീലങ്കാവില്‍ ഷെറിന്‍ (22) എന്നിവരെയാണ് പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്.
പൊലിസ് 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്. പിടിയിലായവര്‍ നിരപരാധികളാണെന്നും കല്ലെറിയുന്ന യഥാര്‍ഥ പ്രതികളുടെ ദൃശ്യങ്ങള്‍ പൊലിസിന് കൈമാറിയിട്ടും അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് വിശ്വാസികളുടെ പരാതി. കഴിഞ്ഞ ദിവസം ജാമ്യഹരജി പരിഗണിച്ചപ്പോഴും ജാമ്യം ലഭിയ്ക്കാതായതോടെയാണ് വിശ്വാസികള്‍ വന്‍ പ്രതിഷേധം ഉയര്‍ത്തിയത്. കുര്‍ബാന നടന്ന് കൊണ്ടിരിയ്ക്കുമ്പോഴാണ് ജാമ്യഹരജി തള്ളിയ വാര്‍ത്തയെത്തിയത്.
ഇതോടെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും വികാരി കുര്‍ബാന നിര്‍ത്തിവയ്ക്കുകയുമായിരുന്നു. പള്ളി കമ്മിറ്റി ശരിയായ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ച് ജയിലില്‍ കഴിയുന്ന ടിന്റുവിന്റെ പിതാവ് ആളൂര്‍ വീട്ടില്‍ ആന്റു (54) പള്ളി നടയ്ക്കല്‍ നിരാഹാരവും ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് ഇന്നലെ വികാരിയുടെ നേതൃത്വത്തില്‍ പള്ളിയില്‍ സര്‍വകക്ഷി യോഗം നടന്നു.
പുഴയ്ക്കല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിജു വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.ജി ഉണ്ണികൃഷ്ണന്‍(കോലഴി), ബിന്ദുബെന്നി (മുളങ്കുന്നത്തുകാവ്) , വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എന്‍.എ സാബു, കൃഷ്ണകുമാര്‍, ടി. ആര്‍ സതീശന്‍, തോമാസ് മാസ്റ്റര്‍, അഡ്വ.പി.എസ് ഈശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. വികാരി ഫാ. ഡേവീസ് പനം കുളം അധ്യക്ഷനായി.
മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്‍കാന്‍ യോഗം തീരുമാനമെടുത്തു . പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള പ്രക്ഷോഭങ്ങള്‍ ആവശ്യമെങ്കില്‍ നടത്തുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ആളൂര്‍ ആന്റോ നടത്തിയിരുന്ന നിരാഹാര സമരം പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."