പ്രതിഷേധക്കാര്‍ക്കെതിരായ ബോര്‍ഡുകള്‍ നീക്കാതെ യു.പി സര്‍ക്കാര്‍
ലഖ്നൗ: പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രതിഷേധിച്ചവരുടെ പേരും വിവരങ്ങളും ഉള്‍പ്പെടുത്തി സര്‍ക്കാര്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ അടിയന്തരമായി നീക്കണമെന്ന കോടതി ഉത്തരവ് പാലിക്കാതെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഉച്ചയ്ക്കു മൂന്നിനു മുന്‍പായി ബോര്‍ഡുകള്‍ നീക്കാനായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.
മാര്‍ച്ച് 16നകം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ബോര്‍ഡുകളൊന്നും സര്‍ക്കാര്‍ നീക്കിയില്ലെന്നു മാത്രമല്ല, അലഹബാദ് ഹൈക്കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കാനൊരുങ്ങുകയുമാണ്. ഇതുമായി ബന്ധപ്പെട്ട് ഹോളി അവധിക്കു ശേഷം സുപ്രിം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നാണ് വിവരം.
അലഹാബാദ് ഹൈക്കോടതിയുടെ വിധി പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നു വ്യക്തമാക്കിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മാധ്യമ ഉപദേഷ്ടാവ്, വിഷയത്തില്‍ മറ്റു നീക്കങ്ങള്‍ക്കു സര്‍ക്കാര്‍ ഒരുങ്ങുകയാണെന്നും സൂചിപ്പിച്ചു. പ്രതിഷേധക്കാരുടെ പേരും വിവരങ്ങളും അടങ്ങിയ ബാനര്‍ വച്ചതിനെതിരേ സ്വമേധയാ കേസെടുത്തിരുന്ന കോടതി, യോഗി സര്‍ക്കാരിനെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചിരുന്നത്. കുറ്റക്കാരാണെങ്കില്പോലും ഇങ്ങനെ ചെയ്യാന്‍ പാടില്ലെന്നു കോടതി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."