ഗൃഹപ്രവേശനത്തിന് വിളമ്പിയ ഭക്ഷണം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം
കൂറ്റനാട്: കൂറ്റനാട് ഗൃഹപ്രവേശത്തിന് വിളമ്പിയ ഭക്ഷണം കഴിച്ചവര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. ഭക്ഷ്യവിഷബാധയെന്ന് സംശയം. വട്ടേനാട് ഹൈസ്‌കൂളിന് പിന്‍വശത്തുള്ള മേലേതില്‍ മൊയ്തീന്റെ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് അസ്വസ്ഥതയനുഭവപ്പെട്ടത്. ആയിരത്തോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ ഏതാണ്ട് എഴുനൂറോളം പേര്‍ക്ക് അസ്വസ്ത്ഥയനുഭവപ്പെട്ടു. അറുപതിലധികം പേര്‍ കൂറ്റനാട്, പട്ടാമ്പി, പെരുമ്പിലാവ്, പന്നിത്തടം, ചാലിശ്ശേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ ഇരുപതിലേറെ പേര്‍ക്ക് കിടത്തിച്ചികിത്സ വേണ്ടി വന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മുതല്‍ ആറു വരെയായിരുന്നു സല്‍ക്കാരം. ശനിയാഴ്ച രാവിലെ മുതല്‍ പനി, തലവേദന, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ ആളുകള്‍ ചികിത്സ തേടി. വിവിധ ആശുപത്രികളിലായതിനാല്‍ വിവരമറിയാനും വൈകി. തുടര്‍ന്നുള്ള ദിവസങ്ങളിലും ആളുകള്‍ എത്തിക്കൊണ്ടേയിരുന്നു. കൂറ്റനാട് മോഡേണ്‍ ആശുപത്രിയില്‍ ചൊവ്വാഴ്ചയും നാലുപേരെ പ്രവേശിപ്പിച്ചു. ഞായറാഴ്ച മുതല്‍ കപ്പൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. രാജീവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പധികൃതരും തിങ്കളാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് തൃത്താല സര്‍ക്കിള്‍ ഓഫിസര്‍ പി.എസ് സുജിത്തിന്റെ നേതൃത്വത്തില്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകള്‍ പരിശോധനക്കായി ശേഖരിക്കുയും ചെയ്തു. പഴഞ്ഞിയിലെ ഒരു കാറ്ററിങ് ഏജന്‍സിയാണ് ഭക്ഷണമെത്തിച്ചത്. ഏജന്‍സിക്ക് പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലെന്നും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ വകുപ്പിന്റെ തൃശൂര്‍ ഓഫിസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സാമ്പിളുകള്‍ എറണാകുളത്തെ റീജിയനല്‍ അനലറ്റിക്കല്‍ ലാബിലേക്കയച്ചിട്ടുണ്ടെന്നും പാലക്കാട് ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് അസി.കമ്മിഷണര്‍ ജേക്കബ് തോമസ് പറഞ്ഞു. ഉത്സവ സമയമായതിനാല്‍ ഭക്ഷ്യ വിഷബാധ ഒഴിവാക്കാന്‍ അംഗീകാരമുള്ള ഏജന്‍സികളെ മാത്രം ഭക്ഷണചുമതല ഏല്‍പ്പിക്കണമെന്നും ചെറുചൂടോടെ വൃത്തിയുള്ള ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."