യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദ യുവപ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
സാഹിത്യവിഭാഗത്തില്‍ ആര്യാ ഗോപി പുരസ്‌കാരത്തിന് അര്‍ഹയായി. കായികവിഭാഗത്തില്‍ മണ്ണന്തല പ്രണവം ഗാര്‍ഡന്‍സില്‍ ഗ്രാന്റ് മാസ്റ്റര്‍ എസ്. എല്‍ നാരായണന്‍ പുരസ്‌കാരം നേടി. മാധ്യമപ്രവര്‍ത്തനത്തില്‍ നിലീന അത്തോളി, കാര്‍ഷിക രംഗത്ത് പാലക്കാട് കണ്ണമ്പ്ര സ്വദേശി സ്വരൂപ് കെ. രവീന്ദ്രന്‍, കലാ വിഭാഗത്തില്‍ പയ്യന്നൂര്‍ കാനായി സൗത്തില്‍ ഉണ്ണി കാനായി എന്നിവരും പുരസ്‌കാരത്തിന് അര്‍ഹരായി. കല്‍പ്പറ്റ പുഴമടിയില്‍ സലിം പി. എം സാമൂഹ്യപ്രവര്‍ത്തനത്തിനും തൃശൂര്‍ കണ്ടല്ലിയൂര്‍ എഫ്. എ. സി ഫ്രണ്ട്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് യൂത്ത് ക്ലബിനുള്ള സംസ്ഥാന പുരസ്‌കാരത്തിനും അര്‍ഹനായി. വിവിധ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് 50,001 രൂപയും ശില്‍പവും പ്രശസ്തി പത്രവുമടങ്ങുന്നതാണു പുരസ്‌കാരം.
ജില്ലാതലത്തില്‍ പുരസ്‌കാരത്തിന് അര്‍ഹരായ യൂത്ത് ക്ലബുകള്‍: പുന്നപുരം പരമേശ്വരന്‍നായര്‍ മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് അക്കാദമി പിരപ്പന്‍കോട് തിരുവനന്തപുരം, ഗ്രാമീണ മാനവ ദാരിദ്ര്യമുക്തികേന്ദ്രം പവിത്രേശ്വരം കൊട്ടാരക്കര, അനശ്വര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് തെങ്ങേലി പത്തനംതിട്ട, കൈരളി യൂത്ത് ക്ലബ് പരപ്പ് കോട്ടയം, അമൃത നൃത്ത കലാഭവന്‍ ഇടുക്കി, ദേശസേവിനി ഗ്രന്ഥശാല യൂത്ത് ക്ലബ് ആലപ്പുഴ, ചിന്ത സാംസ്‌കാരികവേദി കിഴുമുറി എറണാകുളം, അനശ്വര ഗ്രന്ഥാലയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ചങ്ങരംകുളം കോഴിക്കോട്, വിദ്യാപോഷിണി ഗ്രന്ഥാലയം മണ്ണാര്‍മല മലപ്പുറം, യുവജന വായനശാല തോണിച്ചാല്‍ മാനന്തവാടി വയനാട്, പൈതൃകം സാംസ്‌കാരിക സമിതി മട്ടന്നൂര്‍ കണ്ണൂര്‍, പ്രിയദര്‍ശിനി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ആലനിട്ട കാസര്‍കോട്. ജില്ലാതല ക്ലബുകള്‍ക്ക് 30,001 രൂപയാണ് പുരസ്‌കാര തുക.
തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ജൂറി ചെയര്‍മാന്‍ പ്രഭാവര്‍മ, യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ബിജു, മെമ്പര്‍ സെക്രട്ടറി ആര്‍. എസ് കണ്ണന്‍, ഡോ. രാജന്‍ ഗുരുക്കള്‍ എന്നിവരാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. 14ന് വൈകിട്ട് അഞ്ചിനു തിരുവനന്തപുരം വി. ജെ. ടി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."