ടിപ്പുവിന്റെ ആയുധപ്പുരക്ക് സ്ഥാനചലനം; പ്രവൃത്തി അന്തിമഘട്ടത്തില്‍
മൈസൂരു: ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ ശക്തമായി പോരാടിയ ടിപ്പു സുല്‍ത്താന്റെ ആയുധപ്പുര കോട്ടം തട്ടാതെ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി രണ്ടുദിവസത്തിനകം പൂര്‍ത്തിയാക്കാനാകുമെന്ന് എന്‍ജിനീയറിങ് വിഭാഗം. അമേരിക്കന്‍ കമ്പനിയായ വൂള്‍ഫും ഡല്‍ഹി കേന്ദ്രീകരിച്ചുള്ള എന്‍ജനീയറിങ് സ്ഥാപനവും ചേര്‍ന്നാണ് പ്രത്യേക റെയിലില്‍ ആയുധപ്പുര നിലനിന്നിരുന്ന സ്ഥലത്ത് നിന്നു മാറ്റി സ്ഥാപിക്കുന്നത്. ബംഗളൂരു-മൈസൂര്‍ റെയില്‍പാത നിര്‍മിക്കുന്നതിനു വേണ്ടിയാണ് പുരാവസ്തു ഗവേഷണ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ആയുധപ്പുര മാറ്റുന്നത്.
225 വര്‍ഷം പഴക്കമുള്ള ആയുധപ്പുര ടിപ്പുവിന്റെ രാജ്യ തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് നിന്ന് 130 മീറ്റര്‍ മാറ്റിയാണ് സ്ഥാപിക്കുന്നത്. 1000 ടണ്‍ ഭാരമുള്ള ആയുധപ്പുര ഒരുതരത്തിലുള്ള കേടുപാടുകളും കൂടാതെ അടിയോടെ പൊക്കിയാണ് മാറ്റി സ്ഥാപിക്കുന്നത്. ഒരുമാസം മുന്‍പാണ് ആയുധപ്പുര മാറ്റുന്നതിനുള്ള ശ്രമം തുടങ്ങിയത്. ഇതിന് മുന്‍പ് ഏതാണ്ട് അഞ്ചുവര്‍ഷത്തോളമായി ഇതിനുള്ള ചര്‍ച്ച നടന്നുവരികയായിരുന്നു. ദിവസം 4,000ത്തോളം യാത്രക്കാര്‍ ബംഗളൂരു-മൈസൂര്‍ റൂട്ടില്‍ യാത്ര ചെയ്യുന്നുണ്ട്. ട്രെയിന്‍ യാത്രാദൈര്‍ഘ്യം ഗണ്യമായി കുറയ്ക്കാനാകുമെന്നതിനാലാണ് ആയുധപ്പുര മാറ്റി സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."