എം ടെക് ബിരുദധാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയ പ്രതിശ്രുതവരന്‍ പിടിയില്‍
കൊല്ലം: എം.ടെക് ബിരുദധാരിയെന്ന് മാട്രിമോണിയിലൂടെ പരസ്യം ചെയ്ത് വിവാഹം ഉറപ്പിച്ചശേഷം പ്രതിശ്രുത വധുവിന്റെ വീട്ടുകാരുടെ വിശ്വാസം പിടിച്ചെടുത്ത ശേഷം ആറ് ലക്ഷം രൂപയുമായി കടന്ന പ്രതിശ്രുത വരനെ കൊല്ലം ഈസ്റ്റ് പൊലിസ് അറസ്റ്റ് ചെയ്തു. കൊല്ലം മുണ്ടയ്ക്കല്‍ ടി.ആര്‍.എ-94 ശ്രീവിലാസത്തില്‍ സുജിത്താണ് അറസ്റ്റിലായത്. എം.ടെക് സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ എന്ന നിലയ്ക്കാണു തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ വീട്ടുകാരുമായി സുജിത്ത് അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ജനുവരി 23ന് വിവാഹ നിശ്ചയവും നടന്നു. അന്ന് ഒന്നര പവന്റെ ബ്രേസ്‌ലെറ്റ് യുവതി പ്രതിശ്രുത വരനു സമ്മാനിച്ചു.
തുടര്‍ന്ന് അഞ്ച് തവണകളായി 5.99 ലക്ഷം രൂപയും ഒരു ടാബും യുവതിയുടെ വീട്ടുകാരില്‍ നിന്ന് ഇയാള്‍ കൈപ്പറ്റി. അമ്മയുടെ ചികിത്സാ ചെലവിനെന്ന പേരിലാണു പല തവണയായി പണം വാങ്ങിയത്. ടാബ് യുവതിയുടെ പക്കല്‍ നിന്ന് താല്‍കാലിക ആവശ്യത്തിന് വാങ്ങിയ ശേഷം തിരികെ നല്‍കിയില്ല.
ഭാവി മരുമകനായതു കൊണ്ടും ആവശ്യം ന്യായമാണെന്നു ധരിച്ചുമാണു യുവതിയുടെ രക്ഷിതാക്കള്‍ പണം നല്‍കിയത്. ഇതിനിടെ കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 23ന് തൃശൂര്‍ കലക്ടറേറ്റില്‍ ഓഫിസ് അസിസ്റ്റന്റായി നിയമനം കിട്ടിയെന്നു കാണിച്ച് സുജിത്ത് യുവതിയെ വിവരം അറിയിച്ചു. പിന്നാലെ വാട്‌സ്ആപ്പില്‍ നിയമന ഉത്തരവും അയച്ചു കൊടുത്തു. യുവതിയുടെ അടുത്ത ബന്ധു കലക്ടറേറ്റില്‍ ജോലി ചെയ്യുന്നതിനാല്‍ അവര്‍ നടത്തിയ അന്വേഷണത്തില്‍ നിയമന ഉത്തരവ് വ്യാജമാണെന്നു തെളിഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയില്ല. പകരം വിവാഹം നടക്കില്ലെന്നും വാങ്ങിയ പണവും സ്വര്‍ണവും തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ടു.
എന്നാല്‍ പണം നല്‍കാതെ സുജിത്ത് പല ഒഴിവുകളും പറഞ്ഞു മുങ്ങുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം യുവതിയുടെ മാതാവ് കൊല്ലം ഈസ്റ്റ് പൊലിസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കൊല്ലം ഈസ്റ്റ് സി.ഐ എസ്. മഞ്ചുലാലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."