വേനല്‍ കനത്തതോടെ മുളകള്‍ കരിഞ്ഞുണങ്ങി
നെയ്യാറ്റിന്‍കര: അന്തരീക്ഷത്തിലെ ഓസോണ്‍ പാളികളെ പോലെ പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന മുളം കൂട്ടങ്ങളും കൂട്ടത്തോടെ ആത്മഹത്യയ്‌ക്കൊരുങ്ങുന്നു. ഇതോടെ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകിടം മറിയുന്നു. ജലാശയങ്ങളിലും നീരുറവകളിലും നനവുള്ള നിബിഢ വനങ്ങളിലും നാട്ടിന്‍പുറങ്ങളിലും സമൃദ്ധമായി വളര്‍ന്നു പന്തലിക്കുന്ന മുളം കൂട്ടങ്ങള്‍ അന്തരീക്ഷത്തില്‍ നിന്ന് പരമാവധി കാര്‍ബണ്‍ഡെ ഓക്‌സൈഡ് വലിച്ചെടുത്ത് ഓക്‌സിജന്റെ അളവ് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയവഴി വമ്പിച്ച ഹരിത സമൃദ്ധിയാണ് മുളംകൂട്ടങ്ങള്‍ നാടിന് നല്‍കി വരുന്നത്.
വേനലിന്റെ കാഠിന്യം വര്‍ധിച്ചതോടെ അരുവികളും പുഴകളും നദികളുമെല്ലാം വറ്റി വരണ്ടു. അതിന്റെ ഫലമായി വരണ്ടുണങ്ങിയ ഭൂമിയില്‍ പിടിച്ചു നില്‍ക്കാനാകാതെ മുളകള്‍ കരിഞ്ഞുണങ്ങിയ കാഴ്ച എങ്ങും കാണാം. മുളകളുടെ പ്രാധാന്യം മനസിലാക്കിയ ലോകം സെപ്റ്റംബര്‍ 18ന് ഏല്ലാ വര്‍ഷവും ലോക മുളദിനം ആചരിച്ചു വരികയാണ്. പഴയകാലങ്ങളില്‍ വീട് നിര്‍മാണത്തിനും വന്യമൃഗങ്ങളെ ഭയന്ന് മരങ്ങളുടെ മുകളില്‍ ഏറുമാടങ്ങളുടെ നിര്‍മാണത്തിനും ഏറെ കുറെ ഉപയോഗിച്ചിരുന്നത് മുളകളായിരുന്നു. ആധുനിക കാലങ്ങളില്‍ കോണ്‍ക്രീറ്റ് വാര്‍ക്കുന്നതിന് തട്ടുതൂണായും ഉപയോഗിച്ചു വരുന്നുണ്ട്. മഴക്കാലങ്ങളില്‍ മുളം തണ്ടുകളില്‍ പരമാവധി ജലം സംഭരിച്ച് വേനല്‍കാലങ്ങളില്‍ ഉപയോഗിക്കുകയാണ് ഇവയുടെ പതിവ്. എന്നാല്‍ ഇത്തവണ വേനലിന്റെ ആധിക്യം പതിവിന് വിപരീതമായി വര്‍ധിച്ചതോടെ മുളം തണ്ടുകളില്‍ സംഭരിച്ചിരുന്ന ജലം ഉപയോഗിച്ച് തീരുകയോ വറ്റുകയോ ഉണ്ടായി. ഇത് മുളകള്‍ കൂട്ടത്തോടെ നശിക്കുവാനിടയാക്കി.
മുളകളുടെ പാരിസ്ഥിതികമായ പ്രസക്തിയും ഉപയോഗ യോഗ്യതയും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ വേള്‍ഡ് ബാംബു ഓര്‍ഗനൈസേഷന്‍ ആരംഭിച്ച ദിനാചരണമാണ് ലോക മുള ദിനം. നാഗാലാന്റാണ് ആദ്യ ലോക മുള ദിനത്തിനു ആതിഥ്യമരുളിയത്. 2009-ല്‍ ബാങ്കോക്കില്‍ വച്ചു ചേര്‍ന്ന ലോക മുള സമ്മേളനത്തിലാണ് ഈ ദിനാചരണത്തിന് തുടക്കമിട്ടത്. പുല്ലിന്റെ വംശത്തിലെ ഏറ്റവും വലിയ ചെടിയാണ് മുള. ഇതൊരു ഏക പുഷ്പിയാണ്. മുളയിലെ ഏറ്റവും വലിയ ഇനമായ ഭീമന്‍ മുളയ്ക്ക് 85 അടിയോളം ഉയരമുണ്ടാകും. ഇവയില്‍ ചില ഇനങ്ങള്‍ എല്ലാ വര്‍ഷവും പുഷ്പിക്കുമെങ്കിലും ചിലവ ആയുസില്‍ ഒരിക്കല്‍ മാത്രമേ പുഷ്പിക്കാറുള്ളൂ. ഇളം പച്ച നിറത്തിലുളള ഇവയുടെ പൂക്കള്‍ വളരെ ചെറുതാണ്. സാധാരണ മുളയ്ക്ക് 75 മീറ്റര്‍ വരെ നീളവും ഒരു കിന്റല്‍ വരെ ഭാരവും കാണപ്പെടുന്നു.
മുളകളുടെ വേരുകള്‍ മണ്ണൊലിപ്പ് തടയുന്നതിനാല്‍ ആറുകളുടെ ബണ്ടുകളില്‍ ധാരാളം വച്ചു പിടിപ്പിക്കുന്നുണ്ട്. മുളയുടെ ഉപയോഗ സാധ്യതകള്‍ അനുദിനം ശാസ്ത്ര ലോകം പരീക്ഷിച്ചു വരികയാണ്. മുള കൊണ്ടുളള ഫര്‍ണിച്ചറുകള്‍ , സൈക്കിളുകള്‍ തുടങ്ങീ പല പരിസ്ഥിതി സൗഹൃദ വസ്തുക്കളും ഇന്ന് വിപണികളില്‍ ലഭ്യമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഗിന്നസ് ബുക്കില്‍ ഇടം നേടിയ 125.5 അടി നീളമുളള ലോകത്തെ ഏറ്റവും നീളം കൂടിയ മുള കണ്ടെത്തിയത് കൊല്ലം ജില്ലയിലെ പട്ടാഴിയില്‍ നിന്നുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."