കൊക്കകോള- പെപ്‌സി വില്‍പന നിര്‍ത്തിവയ്ക്കുന്നു
കോഴിക്കോട്:ബഹുരാഷ്ട്ര ശീതളപാനീയങ്ങളായ കൊക്കകോള- പെപ്‌സി ഉല്‍പന്നങ്ങളുടെ വില്‍പന സംസ്ഥാനത്ത് നിര്‍ത്തിവയ്ക്കാന്‍ വ്യാപാരികള്‍ ഒരുങ്ങുന്നു. ബഹുരാഷ്ട്രാ ശീതളപാനീയ കമ്പനികള്‍ നടത്തുന്ന വര്‍ധിച്ച ജലചൂഷണത്തില്‍ പ്രതിഷേധിച്ചാണ് ഉല്‍പ്പന്നങ്ങളുടെ വില്‍പന നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ മുഖ്യമന്ത്രിയേയും ആരോഗ്യമന്ത്രിയേയും കണ്ട് ഇക്കാര്യം ധരിപ്പിക്കും. ഇതിനുശേഷമായിരിക്കും അന്തിമ തീരുമാനം പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ബഹുരാഷ്ട്ര ശീതളപാനീയ കമ്പനികള്‍ വലിയ തോതിലുള്ള ജലചൂഷണമാണ് നടത്തുന്നത്. ഇതാണ് സംസ്ഥാനത്ത് വരള്‍ച്ചകൂടാന്‍ കാരണം. ശരിയായ മാലിന്യ സംസ്‌കരണത്തിനും ഇത്തരം കമ്പനികള്‍ തയാറാകുന്നില്ല. കോളയ്ക്ക് പകരം കടകളിലൂടെ നാടന്‍ ശീതളപാനീയങ്ങള്‍ വില്‍പന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടില്‍ മാര്‍ച്ച് ഒന്നു മുതല്‍ വ്യാപാരികള്‍ കൊക്കകോളയും പെപ്‌സിയും വില്‍ക്കുന്നില്ല. ഇതുപോലെ സംസ്ഥാനത്തെ അഞ്ചു ലക്ഷം വ്യാപാരികളും ഇത്തരം ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കും. അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരം ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തിവയ്ക്കാന്‍ തങ്ങള്‍ തീരുമാനിച്ചിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി(ഹസന്‍കോയ വിഭാഗം)സംസ്ഥാന പ്രസിഡന്റ് ഹസന്‍ കോയ പറഞ്ഞു.
ജലചൂഷണം: എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി
തിരുവനന്തപുരം:പെപ്‌സി കമ്പനിയുടെ ജലചൂഷണം തടയുന്നതിന് എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി മാത്യു ടി. തോമസ് നിയമസഭയെ അറിയിച്ചു. വി.എസ്.അച്യുതാനന്ദന്റെ സബ്മിഷന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ പാലക്കാട് പെപ്‌സി കമ്പനിയുടെ ജല ഉപഭോഗം തടയുന്നത് സംബന്ധിച്ച് നിയമപരമായ നടപടികളുമായി മുന്നോട്ടുപോവും. പെപ്‌സി കമ്പനി ഏഴ് കുഴല്‍ക്കിണര്‍ വഴി പ്രതിദിനം 5.5 ലക്ഷം മുതല്‍ ആറ് ലക്ഷം ലിറ്റര്‍വരെ ഭൂജലമാണെടുത്തുവരുന്നത്. ജല ഉപഭോഗം75 ശതമാനം കുറയ്ക്കണമെന്ന് കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുള്ളതിനാല്‍ നിബന്ധനയില്‍നിന്ന് ഒഴിവാക്കണമെന്നാണ് കമ്പനിയുടെ ആവശ്യം.
ജില്ലാ വികസന സമിതിയുടെ നിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന ഏഴ് കുഴല്‍ക്കിണറുകളില്‍ ഒരെണ്ണം നിലനിര്‍ത്തി പമ്പിങ് നിര്‍ത്തിവയ്ക്കാന്‍ കമ്പനിക്ക് നിര്‍ദേശം നല്‍കി. അതേസമയം, ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം പ്രതിദിന ഉപഭോഗം1.5 ലക്ഷം ലിറ്ററായി ചുരുക്കിയ പശ്ചാത്തലത്തില്‍ പമ്പുകള്‍ മാറ്റണമെന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് കമ്പനി ആവശ്യപ്പെട്ടിരിക്കുകയാണ്.
പെപ്‌സി കമ്പനിയുടെ അടുത്തുള്ള ജനവാസമേഖലയിലെ ആറ് കിണറുകള്‍ ഭൂജലവകുപ്പ് എല്ലാ മാസവും നിരീക്ഷിച്ചുവരികയാണ്.
2017 ജനുവരിയിലെ ജലവിതാനം10 വര്‍ഷം മുന്‍പുള്ള ജനുവരിയിലേതിനെ അപേക്ഷിച്ച് താഴെയാണ്. പല കിണറുകളിലും1.47 മുതല്‍ 1.86 മീറ്റര്‍വരെ താഴ്ന്നതായാണ് കണക്ക്. പ്രതിവര്‍ഷം പരമാവധി 12 സെന്റീമീറ്ററായാണ് ജലവിതാനം കുറയുന്നത്.
ഇത് അപകടകരമായ സ്ഥിതിവിശേഷമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."