കൊവിഡ് 19: കോച്ചിംഗ് സെന്ററുകള്‍ ഉത്തരവ് ലംഘിക്കുന്നു: കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ഷൈലജ.
ചില പരീക്ഷാ കോച്ചിംഗ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതായി എറണാകുളം കലക്ട്രേറ്റ് കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള സ്ഥാപനങ്ങള്‍ക്കും കോവിഡ് 19 സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍ ബാധകമാണ്. ഇത് പാലിക്കാത്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അവര്‍ ഫേസ്ബുക്കിലെ കുറിപ്പില്‍ പറഞ്ഞു.
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍ക്കാര്‍ ഇന്ന് മുതല്‍ മാര്‍ച്ച് 31 വരെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടത്. മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇത് ബാധകമല്ലാത്തത്. സ്വകാര്യ ട്യൂട്ടോറിയലുകള്‍ ഉള്‍പ്പടെ മതപാഠശാലകള്‍ക്കു വരെ നിര്‍ദ്ദേശം ബാധകമാണെന്നും അറിയിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
അതെ സമയം മുന്‍കരുതലെന്ന നിലയില്‍ റാന്നി മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റല്‍, പന്തളം അര്‍ച്ചന ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഐസൊലേഷന്‍ വാര്‍ഡ് തുറക്കും. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടുന്നതിനാണ് ഇത്.
ബാത്ത് അറ്റാച്ച്ഡ് ആയ 41 മുറികള്‍ മേനാംതോട്ടം മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലില്‍ ലഭ്യമാണ്. കൂടുതല്‍ അടിയന്തരഘട്ടം വരികയാണെങ്കില്‍ അധികമായി 20 മുറികള്‍കൂടി ആശുപത്രിയില്‍ ലഭ്യമാണ്.
പന്തളം അര്‍ച്ചന ഹോസ്പിറ്റലില്‍ 32 മുറികളും ലഭ്യമാണ്. അര്‍ച്ചന ആശുപത്രിയുടെ രണ്ടും മൂന്നും നിലകളിലായായാണ് 32 മുറികള്‍ ഐസൊലേഷനായി ഉപയോഗിക്കുക. ആശുപത്രി വൃത്തിയാക്കി നല്‍കുന്നതിനായി എല്ലാ സഹായങ്ങളും പന്തളം നഗരസഭാ അധികാരികള്‍ വാഗ്ദാനം ചെയ്തതായും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."