സീറ്റിനെ ചൊല്ലി ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ കലാപം
ഡെറാഡൂണ്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റിനെ ചൊല്ലി ഉത്തരാഖണ്ഡ് ബി.ജെ.പിയില്‍ കലാപം. മത്സരിക്കാന്‍ ഒട്ടേറെ നേതാക്കള്‍ രംഗത്തെത്തിയതോടെ സീറ്റ് വിഭജനം വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടാക്കിയിരിക്കുന്നത്.
അഞ്ച് ലോക്‌സഭാ സീറ്റുകളാണ് ഉത്തരാഖണ്ഡിലുള്ളത്. പാര്‍ട്ടിയിലെ പല പ്രമുഖരും മത്സരിക്കാന്‍ അവകാശവാദവുമായി എത്തിയതോടെ വലിയ പ്രതിസന്ധിയാണ് ബി.ജെ.പി നേതൃത്വം നേരിടുന്നത്.
പഴയ മുഖങ്ങള്‍ക്ക് പകരം യുവാക്കളെ രംഗത്തിറക്കണമെന്ന ആവശ്യമാണ് മുന്‍മുഖ്യമന്ത്രിയും എം.പിയുമായ ഭുവചന്ദ്ര ഖണ്ഡൂരി പറയുന്നത്. പൗരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അദ്ദേഹം ഇത്തവണ തന്റെ മകള്‍ക്കായി സീറ്റ് വിട്ടുനല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തെ മാറ്റിയാല്‍ ആരെ ഇവിടെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം ഇതുവരെ വ്യക്തമായ സൂചന നല്‍കിയിട്ടില്ല.
സംസ്ഥാനത്തെ ടൂറിസം മന്ത്രി സത്പാല്‍ മഹാരാജ് തന്റെ ഭാര്യ അമൃത മഹാരാജിന് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസിലായിരുന്ന അദ്ദേഹം എം.പിയായിരുന്നു. പിന്നീടാണ് ബി.ജെ.പിയില്‍ ചേര്‍ന്ന് മന്ത്രിയായത്. അദ്ദേഹത്തെ പിണക്കിയാല്‍ വലിയ വിലനല്‍കേണ്ടി വരുമെന്ന തിരിച്ചറിവും ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
അദ്ദേഹത്തിന്റെ ഭാര്യ അടക്കം ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ രാജിവച്ച് 2016ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നതാണ്.
തെഹ്‌രി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാലാ രാജലക്ഷ്മി ഷാ വീണ്ടും മത്സരിക്കുമെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വിജയ് ബഹുഗുണയാകട്ടെ ഈ സീറ്റില്‍ കണ്ണുവച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന ഹരീഷ് റാവത്തിനെതിരേ കലാപക്കൊടി ഉയര്‍ത്തി ബി.ജെ.പിയില്‍ ചേക്കേറിയ ബഹുഗുണയെ പിണക്കിയാല്‍ അത് വലിയ തിരിച്ചടിയായിരിക്കുമെന്ന ആശങ്കയും ബി.ജെ.പിക്കുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."