പത്ത് ജങ്ഷനുകള്‍ മാതൃകാ ജങ്ഷനുകളാക്കും: എം.എല്‍.എ
വടക്കാഞ്ചേരി: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡുകളിലെ പത്ത് പ്രധാന ജങ്ഷനുകള്‍ ആധുനികവല്‍ക്കരിച്ച് മാതൃകാ ജങ്ഷനുകളാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വടക്കാഞ്ചേരി മണ്ഡലത്തിലെ വടക്കാഞ്ചേരി ടൗണ്‍, ഓട്ടുപാറ ജംഗ്ഷന്‍, റെയില്‍വേ സ്റ്റേഷന്‍, അത്താണി മെഡിക്കല്‍ കോളജ് ജംഗ്ഷന്‍, മുളങ്കുന്നത്ത് കാവ്, വെളപ്പായ, തിരൂര്‍, മുതുവറ, അമല നഗര്‍, മുണ്ടൂര്‍, കൈപറമ്പ്, പറപ്പൂര്‍ എന്നീ സെന്ററുകളെ ഉള്‍പ്പെടുത്തിയതായി അനില്‍ അക്കര എം.എല്‍.എ അറിയിച്ചു. ഡ്രൈനേജ് , പൈപ്പ് ലൈനുകള്‍, ഇലക്ട്രിക്ക് കേബിളുകള്‍ എന്നിവ ഭൂഗര്‍ഭ കോണ്‍ക്രീറ്റ് കുഴലുകള്‍ക്കുള്ളില്‍ സ്ഥാപിക്കും. ഇന്റര്‍ലോക്കിങ് ടൈലുകള്‍, പാകിയ നടപ്പാതകള്‍ ആധുനിക സോളാര്‍ തെരുവ് വിളക്കുകള്‍ ശുദ്ധജല കിയോസ്‌ക്കുകള്‍, മാലിന്യ സംഭരണ കേന്ദ്രം, പ്രാഥമിക ശുശ്രൂഷ കേന്ദ്രം, ഹരിതവല്‍ക്കരണം എന്നിവ ഉള്‍പ്പെടുത്തി മാതൃകാ സെന്ററുകളാക്കും ഇതിന് പുറമെ വടക്കാഞ്ചേരി മണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളിലെ കയ്യേറ്റങ്ങള്‍ അളന്ന് തിട്ടപ്പെടുത്തുന്നതിന് ഉപഗ്രഹ സംവിധാനത്തോടു കൂടിയുള്ള സര്‍വേ നടത്തുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും എം.എല്‍.എ അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ മണ്ഡലമാണ് വടക്കാഞ്ചേരിയെന്നും എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."