ആരോഗ്യമന്ത്രിക്കെതിരേ പ്രതിപക്ഷ നേതാവ്; മീഡിയാ മാനിയയാണെന്ന് വിമര്‍ശനം
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരേ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിക്ക് മീഡിയാ മാനിയയാണെന്ന് വിമര്‍ശിച്ച ചെന്നിത്തല മന്ത്രി ഇമേജ് ബില്‍ഡിങ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. പ്രതിച്ഛായ വളര്‍ത്താനാണ് മന്ത്രിയുടെ ശ്രമം. എല്ലാ ദിവസവും നാലു വാര്‍ത്താസമ്മേളനം വീതമാണ് മന്ത്രി നടത്തുന്നതെന്നും ചെന്നിത്തല പറഞ്ഞു.
എല്ലായിപ്പോഴും വാര്‍ത്താസമ്മേളനം നടത്തേണ്ടതില്ല. വാര്‍ത്താക്കുറിപ്പ് ഇറക്കിയാലും മതി. കൊവിഡ് പ്രതിരോധ നടപടികളോട് പ്രതിപക്ഷം നല്ല രീതിയില്‍ സര്‍ക്കാരിനോട് സഹകരിക്കുന്നുണ്ട്. സര്‍ക്കാര്‍ നടപടികളില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച ഉണ്ടായാല്‍ ചൂണ്ടിക്കാട്ടാനുള്ള ഏക വേദിയാണ് നിയമസഭ. ഇതാണ് പ്രതിപക്ഷം കഴിഞ്ഞദിവസം സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രി സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരേ വളരെ മോശമായ പ്രചാരണമാണ് നടത്തിയതെന്നും ചെന്നിത്തല പറഞ്ഞു.
സഭയില്‍ നടന്ന കാര്യങ്ങള്‍ വെട്ടി, അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ച് പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമിച്ചത്. ഇമേജ് ബില്‍ഡിങ് അല്ല ആവശ്യം. ഈ ഏര്‍പ്പാട് മന്ത്രി നിര്‍ത്തണം. ആളുകള്‍ പരിഭ്രാന്തിയിലാണ്.
സംസ്ഥാനത്ത് ആവശ്യത്തിന് മാസ്‌കുകളില്ല, വേണ്ടത്ര സൗകര്യങ്ങളില്ല, ഡോക്ടര്‍മാരുടെ കുറവുണ്ട്. ഇതെല്ലാം പരിഹരിക്കാനുള്ള നടപടികളാണ് വേണ്ടത്. എയര്‍പോര്‍ട്ടുകളില്‍ ഇപ്പോഴും വേണ്ടത്ര പരിശോധന നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം, ഈ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടി നല്‍കുന്നില്ലെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."