ജില്ലയ്ക്ക് പുതിയ പദ്ധതികളില്ല; സഹായങ്ങളും പ്രതീക്ഷകളും മാത്രം
കൊച്ചി: ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയില്‍ അവതരിപ്പിച്ച തന്റെ പത്താമത് ബജറ്റില്‍ ജില്ലയ്ക്ക് പുതിയ പദ്ധതികള്‍ ഒന്നും ലഭിച്ചില്ല. കിട്ടിയതാകട്ടെ ഏറെയും സാമ്പത്തിക സഹായങ്ങള്‍ മാത്രം. റിഫൈനറിയുമായി ബന്ധപ്പെടുത്തി പെട്രോ കെമിക്കല്‍ പാര്‍ക്കിനായി 600 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്നതാണ് വ്യവസായ മേഖലയ്ക്ക് ലഭിച്ച ഏറ്റവും വിലിയ പരിഗണന. കൊച്ചി-കോയമ്പത്തൂര്‍ വ്യവസായ ഇടനാഴിയുടെ പ്രഖ്യാപനവും ശ്രദ്ധേയമാണ്. ഫിഷറീസ് സര്‍വകലാശാലക്ക് 41 കോടി രൂപയും കുസാറ്റിന് 25 കോടിയും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല 17 കോടി രൂപയും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് 15 കോടി രൂപയും നാഷണല്‍ യൂനിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസ് ഏഴു കോടി രൂപയും വകയിരുത്തി. കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന് രാത്രി താമസ സൗകര്യത്തോടെയുള്ള ക്രൂയിസ് വെസല്‍ വാങ്ങുന്നതിന് 40 കോടി രൂപ വകയിരുത്തി. കാക്കനാട് ഇന്‍ഫോ പാര്‍ക്കിനെ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ എല്ലാ ഐ.ടി പാര്‍ക്കുകള്‍ക്കുമായി 84 കോടി രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പറവൂരിലെ യാണ്‍ ട്വിസ്റ്റിംഗ് യൂനിറ്റിന് അഞ്ചു കോടി രൂപ സഹായവും പ്രഖ്യാപിച്ചു. എറണാകുളം ജില്ലയില്‍ അഡീഷണല്‍ ചരക്കുസേവന നികുതി സമുച്ചയം പണിയാനും തീരുമാനമുണ്ട്. ജനുവരി 13ന് സ്ഥാപിച്ച സംയോജിത സ്റ്റാര്‍ട്ട് അപ്പ് കോംപ്ലക്‌സിലെ ഇന്നവേഷന്‍ സോണിന് പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ജി.സി.ഡി.എ കിഴക്കന്‍ പ്രാന്ത പ്രദേശങ്ങളില്‍ അമരാവതി മാതൃകയില്‍ ടൗണ്‍ഷിപ്പുകളുടെ പുതിയ ശൃംഘലയ്ക്ക് രൂപം നല്‍കാനും ബജറ്റില്‍ നിര്‍ദേശമുണ്ട്. കൂനമ്മാവ് ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ സ്മാരകം പൂര്‍ത്തീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് നീക്കിവച്ചിരിക്കുന്നത്. കൊച്ചി ലോകധര്‍മ്മി സ്ഥിരം നാടക വേദിക്ക് ഒറ്റത്തവണ ഗ്രാന്റായി 25 ലക്ഷം രൂപയും അനുവദിച്ചു. മറൈന്‍ ഡ്രൈവിന് സമീപം ഹൗസിങ് ബോര്‍ഡിന് സ്വന്തമായുള്ള 17.9 ഏക്കര്‍ ഭൂമിയില്‍ ഓഫിസ് കൊമേഴ്‌സില്‍ അവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും സ്റ്റാര്‍ ഹോട്ടലും സര്‍വീസ് അപ്പാര്‍ട്ടമെന്റ്‌സും അടക്കമുള്ള അന്താരാഷ്ട്ര പ്രദര്‍ശന നഗരി ഒരുക്കാനും ബജറ്റില്‍ നിര്‍ദേശിക്കുന്നു. ഹൈക്കോടതിക്കടുത്തുള്ള ജെട്ടി നവീകരണത്തിന് 2.7 കോടിയും അനുവദിച്ചു. കൊച്ചി മെട്രോ മഹാരാജാസ് കോളജ്-പേട്ട ലൈന്‍ 2019-20 ല്‍ പൂര്‍ത്തിയാകും. കൊച്ചി ഇന്റഗ്രേറ്റഡ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് 76 കിലോ മീറ്റര്‍ നീളത്തില്‍ 16 റൂട്ടുകളിലെ ജലപാത വികസിപ്പിക്കുകയും അതിനെ കൊച്ചി മെട്രോയും ബസ് ടെര്‍മിനലുമായും ബന്ധിപ്പിക്കുകയും ചെയ്യും. ജര്‍മ്മന്‍ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന്‍ ഏജന്‍സിയായ കെ.എസ്.ഐ.ഡി.സിക്ക് 116 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതില്‍ കൊച്ചിയിലെ ഹാര്‍ഡ് വെയര്‍ പാര്‍ക്കിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മീഡിയ അക്കാദമിക്ക് ആറു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബജറ്റിലെ പ്രതീക്ഷകള്‍...
ഏറെ പ്രതീക്ഷ നല്‍കുന്ന പ്രഖ്യാപനം സംസ്ഥാനത്തെ തീരദേശ വികസനത്തിന് ആയിരം കോടി രൂപ ചെലവഴിക്കും എന്നതും തീരദേശ സ്‌കൂള്‍ നവീകരണം പൂര്‍ത്തിയാക്കും എന്നുള്ളതുമാണ്. അതില്‍ പ്രധാനം കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സമുദ്രത്തില്‍ നിന്ന് അമ്പത് മീറ്റര്‍ പരിധിക്കുള്ളില്‍ പതിനെണ്ണായിരത്തില്‍പ്പരമുള്ള വീടുകളെ പുനരധിവസിപ്പിക്കലാണ്. അതിന് സന്നദ്ധരാകുന്നവര്‍ക്ക് 200 മീറ്ററിനു പുറത്ത് ഭൂമി വാങ്ങി വീട് പണിയുന്നതിന് പത്തു ലക്ഷം രൂപ വീതം നല്‍കും. മറ്റുള്ളവര്‍ക്ക് മുട്ടത്തറ പോലെ ലൈഫ് മിഷന്‍ വഴി പുനരധിവാസത്തിന് ഫ്‌ളാറ്റുകള്‍ പണിയും. ഇത് ജില്ലയുടെ തീരദേശ മേഖലയ്ക്ക് ആശ്വാസമേകുന്നു. പുനരധിവാസം റീബില്‍ഡ് കേരളയില്‍ ഒരു പ്രധാന അജണ്ടയായിരിക്കും. ഇതിനായി 100 കോടി രൂപ അധികമായി വകയിരുത്തി. തീരദേശത്ത് പാര്‍പ്പിടത്തിന് അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ലൈഫ് മിഷനില്‍ നിന്ന് ഈ വര്‍ഷം വീടുറപ്പാക്കും. കടല്‍ഭിത്തി, പുലിമുട്ട് നിര്‍മാണം ഈ വര്‍ഷം നടപ്പാക്കുമെന്ന പ്രഖ്യാപനം ചെല്ലാനം, എടവനക്കാട് അട്ക്കമുള്ള മേഖലയ്ക്ക് ആശ്വാസമാകും. തീരദേശത്തെ 500 കുട്ടികളില്‍ കൂടുതലുള്ള എല്ലാ സ്‌കൂളുകളും കിഫ്ബി ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി വരുന്ന 71 സ്‌കൂളുകളുടെ നവീകരണം ഈ വര്‍ഷം തുടങ്ങും. കോസ്റ്റല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനായിരിക്കും നിര്‍മാണ ഏജന്‍സി. കോര്‍പറേഷന്റെ പ്രവര്‍ത്തന ചെലവിന് പദ്ധതിയിതര അക്കൗണ്ടില്‍ ഒരു കോടി രൂപ അനുവദിച്ചു.തീരത്തെ എല്ലാ താലൂക്ക് ആശുപത്രികളുടെയും നവീകരണം ഈ വര്‍ഷം തുടങ്ങും. പഞ്ഞമാസ സമാശ്വാസ പദ്ധതിക്ക് 28 കോടി രൂപയും ഇന്‍ഷുറന്‍സിന് 12 കോടിയും മത്സ്യത്തൊഴിലാളി സംഘങ്ങളെ ശക്തിപ്പെടുത്താന്‍ 10 കോടിയും അനുവദിച്ചത് മേഖലയ്ക്ക് പ്രതീക്ഷയേകുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിയ വായ്പക്ക് മത്സ്യഫെഡിന് ഒമ്പതു കോടി രൂപ അനുവദിച്ചതും പ്രതീക്ഷയേകുന്നു.
കൊച്ചിക്ക് പ്രതീക്ഷ നല്‍കുന്ന മറ്റൊരു പ്രഖ്യാപനം ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് 131 കോടി രൂപ അനുവദിച്ചതാണ്. പുതിയ ബോട്ടുകള്‍ വാങ്ങാന്‍ 21 കോടിയും വകയിരുത്തി. ഡീസല്‍ എഞ്ചിനില്‍ നിന്ന് സി.എന്‍.ജിഇലക്ട്രിക് ബോട്ടുകള്‍ വ്യാപിപ്പിക്കാനും തീരുമാനം. ഇത് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ബാറ്ററി ചാര്‍ജിംഗ് കേന്ദ്രങ്ങള്‍ ഇത്തവണയും പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖ നഗരങ്ങളെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് ആറായിരം കോടി രൂപ കിഫ്ബി ധനസഹായത്തോടെ സൈക്കിള്‍ ട്രാക്കോടു കൂടിയ തീരദേശ ഹൈവേയുടെ നിര്‍മാണത്തിലും വന്‍ പ്രതീക്ഷയാണുള്ളത്. മാരിടൈം മ്യൂസിയം ഒഴികെ മുസിരിസ് പദ്ധതി 2020-21ല്‍ പൂര്‍ത്തീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. സ്‌പൈസസ് റൂട്ട് പദ്ധതിയും പ്രതീക്ഷ നല്‍കുന്നു. ടൂറിസം വികസനത്തിനും ഊന്നല്‍ നല്‍കുന്ന ബജറ്റായതിനാല്‍ ടൂറിസം മേഖലയും പ്രതീക്ഷയിലാണ്. പുതുതായി ആവിഷ്‌കരിച്ച കേരളം ടൂറിസം എന്റര്‍പ്രണര്‍ഷിപ്പ് ഫണ്ട് വഴി മേഖലയില്‍ ചലനമുണ്ടാകുമെന്നാണ് കരുതുന്നത്. മെഡിക്കല്‍ കോളജുകളില്‍ ഓങ്കോളജി വകുപ്പും ജില്ലാ ആശുപത്രികളില്‍ കാര്‍ഡിയോ്‌ളജി വിഭാഗവും തുടങ്ങുമെന്ന പ്രഖ്യാപനം ആരോഗ്യ മേഖലയ്ക്കും ഉണര്‍വു നല്‍കും. ഖരജല മാലിന്യ സംസ്‌കരണത്തില്‍ പ്രാദേശിക മാതൃകകള്‍ സൃഷ്ടിക്കുന്നതിന് പരിശീലനത്തിനും പരീക്ഷണത്തിനും രണ്ടു കോടി രൂപ അധികമായി വകയിരുത്തിയതും ജില്ലയ്ക്ക് പ്രയോജനപ്രദമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച നാല്‌കോടി രൂപ ചെലവിലുള്ള ഷീ ലോഡ്ജ് നിര്‍മാണം, കാക്കനാട് ബഹുനില വ്യവസായ ഷെഡ് നിര്‍മാണം, തുടങ്ങിയ പദ്ധതികളെ ഇത്തവണ അവഗണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."