ഇനി മോഹന്‍ ബഗാനില്ല: 130 വര്‍ഷം സൗരഭ്യം പരത്തിയ ഫുട്‌ബോള്‍ വസന്തം പുതിയ പേരില്‍
ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശൈശവദശയില്‍ തന്നെ ഫുട്‌ബോളിന്റെ ഈറ്റില്ലമായ മണ്ണില്‍ ജന്മം കൊള്ളാനും കിളിര്‍ത്ത് തഴച്ച് വളരാനും ഭാഗ്യം ലഭിച്ചൊരു ഫുട്‌ബോള്‍ ക്ലബുണ്ട് അങ്ങകലെ കൊല്‍ക്കത്തയില്‍. ദ മറീനേഴ്‌സ് എന്ന് വിളിപ്പേരുള്ള മോഹന്‍ ബഗാന്‍, അവര്‍ 130 വര്‍ഷത്തെ ജൈത്രയാത്രക്ക് ശേഷം മറ്റൊരുപേരില്‍ പുതുവസന്തമായി അവതരിക്കുകയാണ്.
ഈ സീസണോടെ എ.ടി.കെയില്‍ ലയിക്കുന്ന മോഹന്‍ ബഗാന് ഒരു നൂറ്റാണ്ടിനപ്പുറം ഫുട്‌ബോളിന്റെ നറുമണം പരത്തിയ കഥപറയാനുണ്ട്. ക്ലബിന്റെ അവസാന സീസണില്‍ ഇന്ത്യയുടെ ദേശീയ ചാംപ്യന്‍മാരായി മറ്റൊരു കൂട്ട് തേടി പോകുന്ന ബഗാന്‍ ചരിത്രത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. 130 കൊല്ലക്കാലം ഫുട്‌ബോളിനെ ഭ്രാന്തമായി സ്‌നേഹിച്ച ഒരു ജനതയുടെ വികാരമായിട്ടായിരുന്നു ബഗാന്‍ ഇന്ത്യന്‍ ഫുട്‌ബോളിലൂടെ പരന്നൊഴുകിയത്. ഐ ലീഗ് ഇല്ലാതാകുന്നതോടെ ഈ ചാംപ്യന്‍ഷിപ്പില്‍ തേരോട്ടം നടത്തിയ ബഗാന്റെ പേരും പെരുമയും ആരും മറക്കില്ല.
നാലു മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബഗാന്‍ തങ്ങളുടെ അവസാന സീസണിലെ ഐ ലീഗ് കിരീടം സ്വന്തമാക്കിയത്. നൂറ്റാണ്ടുകളായി തങ്ങളുടെ ടീമിനെ അകമഴിഞ്ഞ് സ്‌നേഹിക്കുകയും പിന്തുണ നല്‍കുകയും ചെയ്യുന്ന ഫാന്‍സിന്റെ മനസ് നിറച്ചാണ് ബഗാന്‍ എ.ടി.കെയില്‍ ലയിക്കുന്നത്.
എ.ടി.കെയില്‍ ലയിക്കുന്നതോടെ ബഗാന്റെ പേര് മാറ്റരുതെന്ന ആത്മാവില്‍ തട്ടിയുള്ള ആരാധകരുടെ അപേക്ഷകള്‍ നമ്മള്‍ കേട്ടുകഴിഞ്ഞു. എ.ടി.കെയും ബഗാനും ഒന്നാകുന്നതോടെ ഇരുടീമുകളുടെയും ഐഡന്റിന്റി നഷ്ടപ്പെടാത്ത പുതിയ പേരിലായിരിക്കും ക്ലബ് അറിയപ്പെടുക.
ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കാന്നതിനും നിരവധി വര്‍ഷങ്ങള്‍ മുമ്പ് 1889ലായിരുന്നു മോഹന്‍ ബഗാന്‍ അത്‌ലറ്റിക്ക് ക്ലബ് രൂപം കൊണ്ടത്. അന്ന് തുടങ്ങിയ യാത്ര 2020 ലെ കിരീട നേട്ടത്തോടെയാണ് അവസാനിക്കുന്നത്. 1904 ലായിരുന്നു ബഗാന്റെ ആദ്യ കിരീട നേട്ടം. 1911 ല്‍ ഐ.എഫ്.എ ഷീല്‍ഡ് സ്വന്തമാക്കി ദേശീയ ഫുട്‌ബോളിലെ കരുത്തരാണെന്ന് തെളിയിക്കാന്‍ ബഗാന്‍ കഴിഞ്ഞു. അന്ന് നഗ്നപാദരായി ഇംഗ്ലീഷുകാരുള്‍പ്പെട്ടിരുന്ന യോര്‍ക്ക്‌ഷെയര്‍ റജിമെന്റിനെ 2-1 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാരുന്നു ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ആദ്യ സ്വര്‍ണ തൂവല്‍ ബഗാന്‍ തൊപ്പിയിലണിഞ്ഞത്. 1889 ല്‍ ക്ലബ് രൂപം കൊടുത്തപ്പോഴുണ്ടായിരുന്ന ഒരാള്‍ പോലും ഇന്ന് ബഗാനൊപ്പമില്ല. എന്നാലും 130 വര്‍ഷങ്ങള്‍ മുമ്പുള്ള അതേ ആവേശത്തില്‍ ബഗാന്റെ ആരാധകക്കൂട്ടം അവരെ നെഞ്ചേറ്റുന്നു എന്നതാണ് അവര്‍ക്കിപ്പോഴും കരുത്ത് പകരുന്ന കാര്യം.
ബഗാന്റെ കിരീട നേട്ടം കാണാന്‍ കല്യാണി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങള്‍ അതിന് തെളിവാണ്.
ഇനി ഞായറാഴ്ച ലീഗിലെ പ്രധാനപ്പെട്ടൊരു വെല്ലുവിളി കൂടി ബഗാന് നേരിടാനുണ്ട്. കൊല്‍ക്കത്തയിലെ മറ്റൊരു ശക്തിയായ ഈസ്റ്റ് ബംഗാളിനെ അവരുടെ തട്ടകമായ സാല്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ പേയി നേരിടുകയാണ്. കൊല്‍ക്കത്ത ഡര്‍ബിയില്‍ കൂടി വെന്നിക്കൊടി പാറിച്ച് സീസണ്‍ അവസാനിപ്പിക്കാന് ബഗാന്റെ മോഹം. ഈ നാട്ടങ്കത്തില്‍കൂടി ജയം സ്വന്തമാക്കിയാല്‍ മോഹന്‍ ബഗാന് തങ്ങളുടെ മോഹങ്ങളെല്ലാം പൂര്‍ത്തിയാക്കി പുതിയ ജന്മമായി അവതരിക്കാന്‍ കഴിയും.
കൊല്‍ക്കത്തയിലെ മലയാളി മൊഞ്ച്
തങ്ങളുടെ അവസാന ലീഗ് കിരീടം സ്വന്തമാക്കുമ്പോള്‍ മോഹന്‍ ബഗാന് നിരയില്‍ നിറഞ്ഞ് നില്‍ക്കുന്ന രണ്ട് മലയാളികളുണ്ട്. ഒന്ന് പാലക്കാട് ജില്ലയിലെ എടത്തനാട്ടുകര സ്വദേശി സുഹൈര്‍, മറ്റൊരാളാല്‍ തിരുവനന്തപുരം ജില്ലയിലെ പൊഴിയൂര്‍ സ്വദേശി ബ്രിട്ടോയും. ഇരുവരുടെയും അധ്വാനത്തിന്റെ കൂടി ഫലമായിരുന്നു ബഗാന്റെ ചരിത്ര കിരീട നേട്ടം. ലീഗില്‍ 16 മത്സരത്തില്‍ ബഗാന്റെ ആദ്യ ഇലവനിലെത്താന്‍ വി.പി സുഹൈറന് കഴിഞ്ഞു.
നിര്‍ണായക ഘട്ടങ്ങളിലെല്ലാം ടീമിന്റെ രക്ഷകനാകാന്‍ ഇരു താരങ്ങള്‍ക്കും കഴിഞ്ഞു എന്നത് വലിയ നേട്ടമായി കാണാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഉയര്‍ന്നുവന്ന സുഹൈര്‍ 2015-16 സീസണില്‍ കേരളത്തിനായി സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്.
മുമ്പ് ഈസ്റ്റ് ബംഗാളിലും കളിച്ച താരം അവസാന സീസണില്‍ ഗോകുലം കേരള എഫ്.സിക്ക് വേണ്ടിയായിരുന്നു കളിച്ചിരുന്നത്. ഇവിടെ നിന്നുമാണ് ബഗാനിലെത്തിയത്. ബഗാന്റെ മുന്നേറ്റനിരയിലെ നിര്‍ണായ സാന്നിധ്യമാകാനും സുഹൈറിന് കഴിഞ്ഞു. ബഗാനൊപ്പം നാല് ടൂര്‍ണമെന്റുകള്‍ സുഹൈര്‍ കളിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ലീഗ്, ഡ്യൂറാന്റ് കപ്പ്, ബംഗ്ലാദേശില്‍ നടന്ന ശൈഖ് കമാല്‍ കപ്പ്, ഐ ലീഗ് എന്നീ ടൂര്‍ണമെന്റുകളില്‍ ബഗാന്റെ കുപ്പായത്തില്‍ ഇറങ്ങാന്‍ സുഹൈറിന് സാധിച്ചു. നാല് ടൂര്‍ണമെന്റുകളിലായി 36 മത്സരങ്ങളിലായിരുന്നു സുഹൈര്‍ കളിച്ചത്.
ഇതില്‍ നിന്ന് 9 ഒമ്പത് ഗോളും സുഹൈര്‍ സ്വന്തം പേരില്‍ കുറിച്ചു. ഐ ലീഗ്, കൊല്‍ക്കത്ത ലീഗ്, ഷൈഖ് കമാല്‍ കപ്പ് എന്നീ ടൂര്‍ണമെന്റുകളില്‍ ബ്രിട്ടോയും കളത്തിലിറങ്ങി. ബഗാന് വേണ്ടി താരം രണ്ട് ഗോളും സ്വന്തമാക്കിയിട്ടുണ്ട്. കിരീടം നേടിയതോടെ ഈ രണ്ട് മലയാളികള്‍ക്കും ചരിത്രത്തിന്റെ ഭാഗമാകാനും കഴിഞ്ഞു. അുടുത്ത വര്‍ഷം പുതിയ പേരില്‍ പുതിയ ക്ലബില്‍ നമുക്ക് ഇവരെ കാണാന്‍ സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."