വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളസംഭരണികളുണ്ടാക്കി മാതൃകയാവുകയാണ് തമിഴ്‌നാട് വനം വകുപ്പ്
വി.എം ഷണ്‍മുഖദാസ്
കോയമ്പത്തൂര്‍: വേനല്‍ കനത്തു തുടങ്ങിയതോടെ കാടിനുള്ളിലെ ചെറിയ കാട്ടുചോലകളൊക്കെ വറ്റി. ഇതോടെ മിണ്ടാപ്രാണികള്‍ കുടിക്കാനിത്തിരി വെള്ളം തേടി നാടിറങ്ങി കൊണ്ടിരിക്കുകകയാണ്. എന്നാല്‍ കാടിനകത്തു തന്നെ ചെറിയ കുടിവെള്ളസംഭരണികളുണ്ടാക്കി വന്യമൃഗങ്ങള്‍ക്ക് കുടിവെള്ളം നല്‍കി മാതൃകയാവുകയാണ് തമിഴ്‌നാട് വനം വകുപ്പ്. ആന, കടുവ, മാനുകള്‍. കാട്ടുപോത്തു് എന്നിവയൊക്കെ ഈ സംഭരണികളിലെത്തിയാണ് വെള്ളം കുടിക്കുന്നത്. ഏറ്റവുമധികം ജലക്ഷാമമുള്ള വരണ്ട പ്രദേശങ്ങളിലെ കാടിനുള്ളിലാണ് കൂടുതല്‍ ജലപാനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഴ്ചയിലൊരിക്കല്‍, ചെറിയ ലോറികളില്‍ ശുദ്ധജലം കൊണ്ടുവന്ന് നിറച്ചുവെക്കും. മൃഗങ്ങള്‍ കൂടുതലുള്ള ചില വനമേഖലയില്‍ ആഴ്ചയില്‍ രണ്ടു തവണയാണ് വെള്ളം നിറച്ചു വെക്കുന്നത്. തമിഴ്‌നാട്ടിലെ കടുവ സങ്കേതങ്ങളിലും, വന്യജീവി കേന്ദ്രങ്ങളിലുമെല്ലാമായി ആയിരത്തോളം കുടിവെള്ളസംഭരണികളാണ് നിര്‍മിച്ചിട്ടുള്ളത്.
മിക്ക അരുവികളും ഫെബ്രുവരി മുതല്‍ വറ്റി തുടങ്ങുമെന്നതിനാല്‍, ഇപ്പോള്‍ തന്നെ പഴയ കുടിവെള്ള സംഭരണിളെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നന്നാക്കികൊണ്ടിരിക്കുകയാണ്. സിമിന്റിട്ടു മെഴുകിയതിനാല്‍ ഒഴിക്കുന്ന വെള്ളം ഭൂമിയിലേക്ക് താഴ്ന്നു പോകുകയുമില്ല. അതുകൊണ്ട് ഒരാഴ്ച്ചവരെ നിറച്ചുവെച്ച വെള്ളമുണ്ടാകും. അതാത് ബീറ്റുകളിലുള്ള വാച്ചര്‍മാര്‍ക്കാണ് കുടിവെള്ളം നിറച്ചുവെക്കാനുള്ള ചുമതല. വെള്ളം കഴിയുമ്പോള്‍ അതാത് ഡി എഫ് ഓ മാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. കാട്ടിനകത്തെ കുടിവെള്ളസംഭരണികളില്‍ അടുത്ത മഴക്കാലം വരെ വെള്ളം കൊണ്ടുചെന്ന് ഒഴിക്കും. സ്വകാര്യവ്യക്തികള്‍ക്കാണ് വെള്ളം നിറക്കാനുള്ള കരാര്‍ നല്‍കാറുള്ളത്. ചിലയിടങ്ങളില്‍ വനംവകുപ്പിന് മിനി ലോറികളുണ്ട് അവയെ ഉപയോഗപ്പെടുത്തും. കാടിനകത്തു തന്നെ കുടിക്കാനുള്ള വെള്ളം കിട്ടുന്നതിനാല്‍ വനമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനങ്ങളെ ശല്യപെടുത്താറില്ലെന്നു്് ഒരു ഉയര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
ഇപ്പോള്‍ വെളളടാങ്കുകളില്‍ വെളളം നിറച്ച് നേരിട്ട്്‌കൊണ്ടുവന്നാണ് ജലസംഭരണികള്‍ നിറച്ചു കൊടുക്കുന്നത്. ഇതിനായി ഉപയോഗിക്കുന്ന വാഹനങ്ങള്‍ കാടിനകത്തുകൂടി ഓടിക്കുന്നതിനു പകരം, ഒരു സ്ഥലത്തു കൊണ്ടുവന്ന് വെള്ളം നിറച്ചു് പൈപ്പുകളിലൂടെ ജലസംഭരണികള്‍ നിറക്കുന്ന സംവിധാനം ഏര്‍പ്പെടുത്തണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
എന്നാല്‍, കേരളത്തിലെ വനങ്ങളില്‍ വളരെ കുറച്ചു സ്ഥലങ്ങളില്‍ മാത്രമാണ് മൃഗങ്ങള്‍ക്കായി ജലസംഭരണി നിര്‍മിച്ചിട്ടുള്ളു. ഇവയില്‍ വെള്ളം നിറക്കാറില്ല. മഴക്കാലത്ത് ഇതിനകത്തുണ്ടുണ്ടാവുന്ന വെള്ളം മാത്രമേ ഉണ്ടാവു. വേനല്‍ കനക്കുമ്പോള്‍ ഇവയൊക്കെ വറ്റിപ്പോകും. പിന്നീട് കടുവയും, പുലിയുമൊക്കെ വെള്ളത്തിനായി നാട്ടിലിറങ്ങും. ഈ സമയത്തു വളര്‍ത്തു മൃഗങ്ങളെയും തീറ്റക്കായി പിടികൂടും.ഇവയുടെ ശല്യം കൂടുമ്പോള്‍ നാട്ടുകാര്‍ ഇവയെ കെണിവെച്ചും മറ്റും കുടുക്കുന്ന പതിവാണ് കാണുന്നത്. തമ്‌ഴ്‌നാട് മോഡല്‍ കേരളാവനംവകുപ്പിനും പരീക്ഷിക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."