കാറില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറ് കിലോഗ്രാം കഞ്ചാവ് പിടികൂടി
പാലക്കാട്: കാറില്‍ മൂന്ന് പൊതികളിലായി ഒളിപ്പിച്ചു കടത്തുകയായിരുന്ന ആറ് കി.ഗ്രാം കഞ്ചാവ് പിടികൂടി. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പാര്‍ട്ടി വാളയാര്‍ ടോള്‍ പ്ലാസക്ക് സമീപം വാഹന പരിശോധന നടത്തി വരവെ വാളയാര്‍ ഭാഗത്തു നിന്നും വന്ന കാറില്‍നിന്നാണ് കഞ്ചാവ് പിടികൂടിയത്. വാഹന പരിശോധനക്കായി കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോവുകയും തുടര്‍ന്ന് എക്‌സൈസ് സംഘം വാഹനം പിന്‍തുടര്‍ന്ന് പുതുശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം തടയുകയും കാറില്‍നിന്നും ഇറങ്ങി ഓടിയ മൂന്ന് പേരെ എക്‌സൈസ് സംഘം നാട്ടുകാരുടെകൂടെ സഹകരണത്തോടെ ദൂരം ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നടത്തിയ പരിശോധനയില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. കോഴിക്കോട് ചേവായൂര്‍ സ്വദേശികളായ വിഷ്ണു (22), അലോക് (23), ജിനോ പോള്‍ (23) എന്നിവരെ അറസ്റ്റ് ചെയ്ത് കേസെടുത്തു. പ്രതികളെ കോടതി റിമാന്റ് ചെയ്തു. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി.പി. സുലേഷ്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ വി. രാജാസിങ്ങിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കോഴിക്കോട് മേഘലയിലെ സ്‌കൂള്‍ കോളജ് വിദ്യാഥികള്‍ക്കും യുവാക്കള്‍ക്കും ചില്ലറ വിതരണത്തിനായാണ് കഞ്ചാവ് കൊണ്ടു പോകുന്നതെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവര്‍ മുന്‍പും കഞ്ചാവ് കേസുകളില്‍ പ്രതികളാണ്. തമിഴ്‌നാട്ടിലെ സേലത്തു നിന്നാണ് ഇവര്‍ കഞ്ചാവ് വാങ്ങിയത്. കഞ്ചാവ് കടത്തുവാന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. പരിശോധനയില്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ്, ഇന്‍സ്‌പെക്ടര്‍ ടി. രാജീവ്, പ്രിവന്റീവ് ഓഫിസര്‍മാരായ സുമേഷ്, മനോജ്കുമാര്‍, പ്രസാദ്, അജിത് കുമാര്‍, മന്‍സൂര്‍ അലി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രീജു, രതീഷ്, ജോണ്‍സണ്‍, ശ്രീകുമാര്‍, പ്രസാദ്, കബീര്‍ ഡ്രൈവര്‍ ശെല്‍വകുമാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."