82-ാം വയസിലും വിശ്രമമില്ലാതെ വോളിബോളില്‍ പരിശീലനം നല്‍കി പരമേശ്വരന്‍
കൊടുങ്ങല്ലൂര്‍: വിദ്യാര്‍ഥികളെ വ്യാകരണം പഠിപ്പിച്ചിരുന്ന പരമേശ്വരന്‍ എന്ന അധ്യാപകനെ പലര്‍ക്കുമറിയില്ല. എന്നാല്‍, ഉന്നം തെറ്റാത്ത സ്മാഷുകളുതിര്‍ക്കാനും എതിരാളിയുടെ ആക്രമണത്തെ ബ്ലോക്ക് ചെയ്യാനും പഠിപ്പിക്കുന്ന പരമേശ്വരന്‍ മാസ്റ്ററെ കായിക പ്രേമികള്‍ക്ക് പരിചയപ്പെടുത്തേണ്ടതില്ല. കായികാധ്യാപകനല്ലാത്ത പരിശീലകന്‍ ഇതാണ് പി.കെ പരമേശ്വരന്‍ മാസ്റ്റര്‍.
വോളിബോള്‍ പരിശീലനം ശാസ്ത്രീയമായി പഠിച്ചിട്ടില്ലാത്ത പരിശീലകന്‍. യു.പി സ്‌കൂള്‍ അധ്യാപകനായിരുന്ന പി.കെ പരമേശ്വരന്‍ ചെറുപ്പത്തില്‍ വോളിബോള്‍ കളിച്ചിരുന്നുവെന്നത് മാത്രമാണ് യോഗ്യത. ഒപ്പം കളിയോടുള്ള കമ്പവും ആത്മസമര്‍പ്പണവും. 15-ാം വയസില്‍ കളി തുടങ്ങിയ പരമേശ്വരന്‍ നിരവധി പ്രാദേശിക ടൂര്‍ണമെന്റുകളില്‍ പങ്കെടുത്ത അനുഭവസമ്പത്ത് കൈമുതലാക്കിയാണ് കളി പഠിപ്പിക്കാനിറങ്ങിയത്. 55 വര്‍ഷമായി കൊടുങ്ങല്ലൂരില്‍ മുടങ്ങാതെ മാഷ് കളത്തിലുണ്ട്. 1975 മുതല്‍ എല്ലാ വേനലവധിക്കാലത്തും മാഷിന്റെ നേതൃത്വത്തില്‍ വോളിബോള്‍ ക്യാംപ് സംഘടിപ്പിച്ചു വരുന്നുണ്ട്. ദിവസവും കളി പഠിക്കാനെത്തുന്നവര്‍ വേറെയുമുണ്ട്. ഇതിനകം എണ്‍പതോളം അന്തര്‍ദേശീയ, ദേശീയ, സംസ്ഥാന താരങ്ങളെ വാര്‍ത്തെടുക്കാന്‍ പരമേശ്വരന്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞു.
ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ പി. രോഹിത്ത് തുടങ്ങി പല പ്രമുഖ കളിക്കാര്‍ മാഷിന്റെ ശിഷ്യഗണത്തിലുണ്ട്. കൊടുങ്ങല്ലൂരില്‍ നടന്ന വിവിധ വോളിബോള്‍ ക്യാംപുകളില്‍ നിന്നുമാണ് മാഷ് പരിശീലനത്തിന്റെ പാഠങ്ങള്‍ പഠിച്ചത് പിന്നീട് കഠിന പ്രയത്‌നത്തിലൂടെ മധ്യകേരളത്തിലെ മുന്‍നിര വോളിബോള്‍ പരിശീലകനായി മാറിയത് . ഫീസില്ലാത്ത പരിശീലനം അതാണ് പരമേശ്വരന്‍ മാസ്റ്ററുടെ ശൈലി.
ജില്ലാ വോളിബോള്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റായ പരമേശ്വരന്‍ മാസ്റ്റര്‍ക്കാണ് ഈ വര്‍ഷത്തെ വി.കെ രാജന്‍ സ്മാരക അവാര്‍ഡ്.
82-ാമത്തെ വയസിലും കളി പറഞ്ഞു കൊടുക്കുന്ന ഈ പരിശീലകന്‍ ആരോഗ്യവും ലക്ഷ്യബോധവുമുള്ള തലമുറയെ വാര്‍ത്തെടുക്കുന്ന തന്റെ ദൗത്യം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."