ജനാധിപത്യ കേരള കോണ്‍ഗ്രസ് പിരിച്ചുവിട്ടെന്ന് ഫ്രാന്‍സിസ് ജോര്‍ജ്
തൊടുപുഴ: ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഫ്രാന്‍സിസ് ജോര്‍ജും അദ്ദേഹത്തിനൊപ്പമുള്ള നേതാക്കളുംഇന്നലെ വൈകിട്ട് പുറപ്പുഴയില്‍ പി.ജെ ജോസഫിന്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ ഗ്രൂപ്പുമായുള്ള ലയനം പ്രഖ്യാപിച്ചു. കേരള കോണ്‍ഗ്രസുകളുടെ ലയനം എന്ന സന്ദേശം ഏറ്റെടുത്ത് ജോസഫ് നേതൃത്വം നല്കുന്ന കേരള കോണ്‍ഗ്രസ് (എം) വിഭാഗത്തില്‍ ലയിക്കാന്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പാസാക്കിയ പ്രമേയം ഫ്രാന്‍സിസ് ജോര്‍ജ് ജോസഫിനു കൈമാറി.
പാര്‍ട്ടിയിലേക്ക് മടങ്ങിയെത്തിയ ഫ്രാന്‍സിസ് ജോര്‍ജിനെ ജോസഫ് ഷാളണിയിച്ച് സ്വീകരിച്ചു. കേരള കോണ്‍ഗ്രസുകളുടെ ഐക്യമെന്ന സന്ദേശം സ്വീകരിച്ചെത്തിയ ജോണി നെല്ലൂരിനെയും ഫ്രാന്‍സിസ് ജോര്‍ജിനെയും പോലെ മാറിനില്‍ക്കുന്നവരും സാവകാശം ഇവിടേക്കു മടങ്ങിയെത്തണമെന്ന് ജോസഫ് പറഞ്ഞു. ജോസഫ് വിഭാഗത്തില്‍ ലയിച്ചതിനാല്‍ ജനാധിപത്യ കേരള കോണ്‍ഗ്രസ് പിരിച്ചുവിട്ടതായി ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.
പാര്‍ട്ടിയിലേക്കു വന്ന നേതാക്കള്‍ക്ക് മാന്യമായ ഇടം നല്‍കുമെന്ന് ജോസഫ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേരള കോണ്‍ഗ്രസുകളുടെ ഐക്യമാണ് പ്രധാനമെന്നും കൂട്ടിച്ചേര്‍ത്തു.അതേസമയം ജനാധിപത്യ കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ ഉറച്ചുനില്‍ക്കുമെന്ന് പി.സി ജോസഫ്, ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന് എന്നിവര്‍ തൊടുപുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."