ഇറക്കത്തിലും റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണവില പവന് കുറഞ്ഞത് 1,200 രൂപ
സ്വന്തം ലേഖിക
കൊച്ചി: കൊവിഡ്-19 ഭീതി സൃഷ്ടിച്ച വ്യാപാര മാന്ദ്യത്തെ തുടര്‍ന്ന് സ്വര്‍ണ വില പവന് 1,200 രൂപ കുറഞ്ഞു.
ഒറ്റദിവസം കൊണ്ട് പവന് ഇത്രയും വില കുറയുന്നത് സമീപകാലത്തൊന്നുമുണ്ടായിട്ടില്ല . ഈമാസം ഒന്‍പതിന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് കുറിച്ച് ഉയരത്തില്‍ എത്തിയിരുന്നു.
ഇന്നലെ പവന് 30,600 രൂപ നിരക്കിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 150രൂപ കുറഞ്ഞ് 3,825 രൂപയിലെത്തി. കൊവിഡ് ഭീതിയെ തുടര്‍ന്ന് ആഗോള തലത്തില്‍തന്നെ ഓഹരി വിപണികള്‍ ഇടിഞ്ഞതിനെ തുടര്‍ന്ന് നിക്ഷേപം എന്ന നിലക്ക് സ്വര്‍ണത്തിന് ആവശ്യകത വര്‍ധിച്ചിരുന്നു.
ഇതേതുടര്‍ന്നാണ് മാര്‍ച്ച് ഒന്‍പതിന് പവന് 32,320 രൂപ എന്ന റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം ഉയര്‍ന്നത്. എന്നാല്‍, കൊറോണ ഭീതി ശക്തമാവുകയും മിക്ക രാജ്യങ്ങളും കമ്പോളങ്ങള്‍ അടക്കുകയും ചെയ്തതോടെ സ്വര്‍ണത്തിനും ആവശ്യകത കുറഞ്ഞു.
ഈ വാരം തുടക്കം മുതല്‍ വില കുറയാന്‍ തുടങ്ങിയിരുന്നു. നാലുദിവസംകൊണ്ട് പവന് 1,720രൂപയുടെ കുറവാണുണ്ടായത്. വ്യാഴാഴ്ച 31,800 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ഇന്നലെ 30,600ലേക്ക് ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 1585.42 ഡോളറാണ് സ്വര്‍ണ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."