സി.എ.ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: പൊലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ സി.എ.ജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ വിമര്‍ശനം.
വെടിയുണ്ടകള്‍ കാണാതായതിനെക്കുറിച്ച് സി.എ.ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതാണ് ഹൈക്കോടതിയുടെ വിമര്‍ശനത്തിനിടയാക്കിയത്.
ഭരണഘടനപ്രകാരം സംസ്ഥാന നിയമസഭക്കാണ് റിപ്പോര്‍ട്ട് കൈമാറേണ്ടത്. ഏത് സാഹചര്യത്തിലാണ് സി.എ.ജി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ പ്രത്യേക പരിഗണനയിലുള്ള വിഷയമായതിനാല്‍ കോടതിക്കുപോലും ഇടപെടാന്‍ കഴിയില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇക്കാര്യത്തിലുള്ള സുപ്രിംകോടതി വിധികളും സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി.
അധികാരങ്ങള്‍ മറികടന്ന് സി.എ.ജി പ്രവര്‍ത്തിക്കരുതെന്ന് ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ച് ഓര്‍മിപ്പിച്ചു. വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊതുതാല്പര്യ ഹരജി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
വെടിയുണ്ടകള്‍ കാണാതായ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന ഹരജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."