അലക്ഷ്യമായി കൂട്ടിയിട്ട മരത്തടികള്‍ ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു
ബേപ്പൂര്‍: മാത്തോട്ടം മുതല്‍ ബേപ്പൂര്‍ വരെ റോഡിന്റെ ഇരുവശങ്ങളിലും അലക്ഷ്യമായി കൂട്ടിയിട്ട മരങ്ങള്‍ കാല്‍നട യാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയാകുന്നു.
പ്രളയസമയത്ത് കനത്ത മഴയത്തും കാറ്റിലും ബേപ്പൂര്‍ റോഡില്‍ പത്തോളം സ്ഥലങ്ങളിലാണ് മരങ്ങള്‍ കടപുഴകി വീണത്. മാത്തോട്ടം ജുമുഅത്ത് പള്ളിയുടെ മുന്‍പില്‍ ഖബര്‍സ്ഥാന്‍ പള്ളിയുടെ മതിലിനോട് ചേര്‍ന്ന് കൂട്ടിയിട്ടിരിക്കുന്ന മരങ്ങള്‍ പള്ളിയില്‍ വരുന്നവര്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. വീതികുറഞ്ഞ ഈ ഭാഗത്ത് നിസ്‌കാര സമയങ്ങളിലും മറ്റും ഇരുചക്ര വാഹനങ്ങള്‍ പോലും നിര്‍ത്താനാവാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകായണ്. മരത്തടികള്‍ മറികടന്ന് കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ തൊട്ടുരുമ്മി കടന്നു പോകുന്ന വാഹനങ്ങളുമായി നാട്ടുകാര്‍ വാക്കേറ്റത്തിലേര്‍പ്പെടുന്നത് പതിവുകാഴ്ചയാണ്. അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് അടിയന്തരമായി മുറിച്ചുമാറ്റിയത്. എന്നാല്‍ മുറിച്ചുമാറ്റി അലക്ഷ്യമായി കൂട്ടിയിട്ട തടിമരങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള വലിയ അപകടങ്ങളെ മുന്‍കൂട്ടി കാണാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പി.ഡബ്ല്യു.ഡി റോഡ് വിഭാഗമാണ് മരം എസ്റ്റിമേറ്റ് ചെയ്ത് ക്വട്ടേഷന്‍ വിളിച്ച് ലേലം നടത്തേണ്ടത്. എന്നാല്‍ ഇതുവരെ നടപടിയായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."