കെട്ടിടം പൊളിക്കാനെത്തിയത് സംഘര്‍ഷത്തിനിടയാക്കി
കോവളം: അന്തര്‍ ദേശീയ ടൂറിസം കേന്ദ്രമായ കോവളം ബീച്ചില്‍ അനധികൃതമായി നിര്‍മ്മിച്ചതെന്ന പേരില്‍ മൂന്ന് നിലയുള്ള കെട്ടിടം പൊളിക്കാന്‍ മുന്നറിയിപ്പില്ലാതെത്തിയ നഗരസഭ ജീവനക്കാരെ നാട്ടുകാരില്‍ ഒരു വിഭാഗവും ടൂറിസം പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകരും തടഞ്ഞത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോവളത്ത് ടൂറിസം സീസണ് ആരംഭിച്ചതിനെ തുടര്‍ന്ന് വിദേശ വിനോദ സഞ്ചാരികള്‍ താമസിക്കുന്ന കെട്ടിടമാണ് അനധികൃത നിര്‍മ്മാണമെന്ന പേരില്‍ അധികൃതര്‍ പൊളിക്കാനെത്തിയത്. കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന കെട്ടിടം ഉടമ പരാതി ഉന്നയിച്ചു. എന്നാല്‍ ഇത് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് മൂന്ന് നേട്ടീസ് നല്‍കുന്നതടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെന്നും നിലവില്‍ ചീഫ് സെക്രട്ടറിയുടെയും ഉത്തരവനുസരിച്ചാണ് അനധികൃതമായി നിര്‍മ്മിച്ച കെട്ടിടം പൊളിക്കാനെത്തിയതെന്ന് അധികൃതരും വാദിച്ചു. എന്നാല്‍ ഒരു മുന്നറിയിപ്പും ഇല്ലാതെ വന്ന് കെട്ടിടം പൊളിക്കാന്‍ പറയുന്നത് അനുവദിക്കാനാവില്ലെന്ന നിലപാടില്‍ നാട്ടുകാരും പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും ഉറച്ച് നിന്നതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."