കൊവിഡില്‍ തട്ടിത്തടഞ്ഞ് തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവ്
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ 14 ദിവസം മാത്രം അവശേഷിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ നികുതി പിരിവിന് കൊവിഡ് ബാധ കനത്ത തിരിച്ചടിയായി.
വസ്തു നികുതി കുടിശ്ശികയില്‍ പിഴ ഒഴിവാക്കി സര്‍ക്കാര്‍ നൂറ് ശതമാനം നികുതി പിരിച്ചെടുത്തു തുടങ്ങുന്നതിനിടെയാണ് കൊവിഡ് 19 ഭീതി പടര്‍ന്നത്. ഇതോടെ തദ്ദേശ സ്ഥാപനങ്ങളില്‍ എത്തി നികുതി അടയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞതും നികുതി ക്യാംപുകള്‍ സംഘടിപ്പിക്കാന്‍ കഴിയാത്തതുമായ അവസ്ഥയായി. ഇത് നൂറ് ശതമാനം നികുതി പിരിവ് എന്ന ലക്ഷ്യത്തിന് തിരിച്ചടിയായി.
കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ നികുതി പിരിവ് നൂറ് ശതമാനത്തിലെത്തിക്കാന്‍ മാര്‍ച്ച് 31 വരെ നികുതി കുടിശ്ശികയില്‍ പിഴ ഒഴിവാക്കിയത്. തദ്ദേശ സ്ഥാപനങ്ങളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ഇത്. ഈ ആനുകൂല്യം ഉപഭോക്താക്കള്‍ പ്രയോജനപ്പെടുത്തുന്നതിനിടെയാണ് കൊവിഡ് ഭീതി പരന്നത്.
സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ 1651.13 കോടിയുടെ വസ്തു നികുതിയാണ് പിരിച്ചെടുക്കാനുളളത്. ഇതില്‍ 671.056 കോടിയാണ് (40.64 ശതമാനം മാത്രം) ഇതുവരെ പിരിച്ചെടുത്തത്.
ശേഷിക്കുന്ന 979.89 കോടി ഇനിയും പിരിച്ചെടുക്കാനാണ്. നികുതി പിരിവില്‍ 22.39 ശതമാനം മാത്രമാണ് കോര്‍പറേഷനുകള്‍ ഇതുവരെ പിരിച്ചെടുത്തത്. നികുതിയിനത്തിലുള്ള 480.60 കോടിയില്‍ 372.98 കോടി പിരിച്ചെടുക്കാനുണ്ട്.
നഗരസഭകള്‍ 22.14 ശതമാനമാണ് ഇതുവരെ പിരിച്ചെടുത്തത്. 644.34 കോടിയാണ് നടപ്പ് സാമ്പത്തിക വര്‍ഷം നഗരസഭകള്‍ നികുതി പിരിക്കേണ്ടത്.എന്നാല്‍ ഇതില്‍ 501.63 കോടിയും ഇതുവരെ പിരിച്ചെടുത്തിട്ടില്ല.ആകെ പിരിച്ചെടുത്തത് 142.65 കോടി മാത്രമാണ്. ഗ്രാമപഞ്ചായത്തുകളാണ് കാര്യക്ഷമമായി നികുതി പിരിച്ചെടുത്തത്.
526.19 കോടി പിരിക്കേണ്ട നികുതിയില്‍ 420.78 കോടിയും (79.96 ശതമാനം) ഗ്രാമപഞ്ചായത്തുകള്‍ പിരിച്ചെടുത്തു. വര്‍ഷങ്ങളായി സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മാസത്തിലാണ് ഇളവുകള്‍ നല്‍കിയും പ്രത്യേക നികുതി പിരിവ് ക്യാംപുകള്‍ സംഘടിപ്പിച്ചും തദ്ദേശ സ്ഥാപനങ്ങള്‍ വരുമാനം പിരിച്ചെടുക്കാറുളളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."