കംപ്യൂട്ടറും നെറ്റും ഇല്ല; പക്ഷേ, പരിശീലനം ഓണ്‍ലൈനാണ്...
കോലഞ്ചേരി: സംസ്ഥാനത്തെ പല സ്‌കൂളുകളിലും കംപ്യൂട്ടറും ഇന്റര്‍നെറ്റും ഇല്ലെന്നിരിക്കിക്കെ ഈമാസം 18 മുതല്‍ 27 വരെ നടക്കുന്ന ഓണ്‍ലൈന്‍ അധ്യാപക പരിശീലനത്തെച്ചൊല്ലി ആശങ്ക. അതത് വിദ്യാലയങ്ങളില്‍ അധ്യാപകര്‍ ഒത്തുകൂടി ഓണ്‍ലൈനില്‍ പരിശീലനം നേടണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഇതോടെ ത്രിശങ്കുവിലാകുന്നത്.
നേരത്തെ ബി.ആര്‍.സികളില്‍ നടന്നിരുന്ന ക്‌ളാസുകളാണ് ഇത്തവണ ഓണ്‍ലൈനാക്കിയത്.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ പരിശീനമാണ് നിശ്ചയിച്ചിരുന്നതെങ്കിലും എസ്.എസ്.എല്‍ സി പരീക്ഷ നടക്കുന്നതിനാല്‍ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ പരിശീലനം തല്‍ക്കാലം മാറ്റിയിട്ടുണ്ട്.
കംപ്യൂട്ടറോ ഇന്റര്‍നെറ്റോ ഇല്ലാത്ത പല എയ്ഡഡ് യു.പി, എല്‍.പി സ്‌കൂളുകള്‍ ഇന്നുംസംസ്ഥാനത്തുണ്ട്. ഉള്ളയിടത്താകട്ടെ സൗകര്യങ്ങള്‍ പരിമിതവുമാണ്.
സ്വകാര്യ സ്‌കൂളുകളില്‍ പ്രത്യേകിച്ച് കുട്ടികള്‍ കുറഞ്ഞ അണ്‍ ഇക്കണോമിക് സ്ഥാപനങ്ങളില്‍ കംപ്യൂട്ടറും ഇന്റര്‍നെറ്റും ഇന്നും അന്യമാണ്. ശമ്പളം ഉള്‍പ്പെടെയുള്ള മറ്റ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇത്തരം സ്‌കൂളിലെ പ്രഥമാധ്യാപകര്‍ ആശ്രയിക്കുന്നത് സമീപത്തെ സ്വകാര്യ കംപ്യൂട്ടര്‍ കേന്ദ്രങ്ങളെയാണ്.
അവസ്ഥ ഇതായിരിക്കെയാണ് അധ്യാപകര്‍ക്ക് ഓണ്‍ലൈനില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. വയനാട്, ഇടുക്കി എറണാകുളം ജില്ലകളില്‍ ആണ് കംപ്യൂട്ടര്‍ സൗകര്യം ഇല്ലാത്ത സ്‌കൂളുകള്‍ കൂടുതലുള്ളത്. പല എല്‍.പി സ്‌കൂളിലുമാകട്ടെ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് എം.എല്‍.എമാര്‍ നല്‍കിയ കെല്‍ട്രോണിന്റെ കംപ്യൂട്ടറുകളാണുള്ളത്.
ഇവയില്‍ മിക്കതും തകരാറിലായിട്ട് വര്‍ഷങ്ങളായി. പലയിടത്തും ഐ.ടി, പാഠങ്ങള്‍ പഠിപ്പിക്കാന്‍ തങ്ങളുടെ മക്കള്‍ ഉപയോഗിക്കുന്ന ലാപ് ടോപ്പുകളാണ് അധ്യാപകര്‍ ഉപയോഗിക്കുന്നത്.
കൊവിഡ് ഭീതി നിലനില്‍ക്കുമ്പോള്‍ ക്ലസ്റ്ററുകളെയോ ബി. ആര്‍.സികളെയോ കേന്ദ്രീകരിച്ച് പരിശീലനം നല്‍കാമെന്നു വച്ചാല്‍ എത്രത്തോളം പ്രായോഗികമാകുമെന്നതിലും ആശങ്കയുമുണ്ട്.
അവശ്യത്തിന് കംപ്യൂട്ടറുകളും നെറ്റ് കണക്ഷനും ലഭ്യമായാലെ പദ്ധതി ലക്ഷ്യത്തിലെത്തൂവെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."