കൊച്ചിയിലും കായംകുളത്തും പ്രകൃതിവാതക വൈദ്യുതി ഉല്പാദനത്തിന് പദ്ധതി
കൊച്ചി: കൊച്ചിയിലും കായംകുളത്തും പ്രകൃതിവാതകത്തില്‍നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കാന് പദ്ധതി ആവിഷ്കരിക്കുന്നു. കൊച്ചിയിലെ എല്‍.എന്‍.ജി ടെര്‍മിനലിന്റെ ഓപ്പറേറ്റിങ് കമ്പനിയായ പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ് (പി.എല്‍.എല്‍) ആണ് ഇതിനായുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. പി.എല്‍.എല്‍ സി.എം.ഡി പ്രഭാത് സിങ് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഡീസല്‍ ഉപയോഗിച്ച് വൈദ്യുതി ഉല്പാദിപ്പിക്കുന്ന കൊച്ചിയിലെ ബി.എസ്.ഇ.എസ്, നാഫ്ത ഉപയോഗിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന കായംകുളം എന്‍.ടി.പി.സി എന്നിവ പ്രകൃതിവാതക ഇന്ധന സംവിധാനത്തിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിയാണ് പി.എല്‍.എല്‍ മുന്നോട്ടുവച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാഥമികഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍, നാഫ്ത എന്നിവയെ അപേക്ഷിച്ച് പ്രകൃതിവാതകം ഉപയോഗിച്ച് ഉല്പാദിപ്പിക്കുന്ന വൈദ്യുതിക്ക് ഉല്പാദന ചെലവ് വളരെ കുറവാണ്.
കൊച്ചി-മംഗലാപുരം വാതക പൈപ്പ് ലൈന്‍ പൂര്‍ത്തിയാകുന്നതോടെ കൊച്ചി എല്‍.എന്‍.ജി ടെര്‍മിനലിന്റെ ശേഷിയുടെ 40 ശതമാനം ഉപയോഗപ്പെടുത്താനാകും. നിലവില്‍ ടെര്‍മിനലിന്റെ പത്തുശതമാനം ശേഷി മാത്രമേ ഉപയോഗപ്പെടുത്താന്‍ കഴിയുന്നുള്ളൂ. ജൂണോടുകൂടി പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി ഈ വര്‍ഷം നാല് എല്‍.എന്‍.ജി ചില്ലറവില്പന കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരം, എറണാകുളം, എടപ്പാള്‍, കണ്ണൂര്‍ എന്നിവടങ്ങളിലായിരിക്കും കേന്ദ്രങ്ങള്‍ തുറക്കുക. ജൂണ്‍മാസത്തോടെ കേരളത്തില്‍ എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ബസുകളും ട്രക്കുകളും ഓടിത്തുടങ്ങും. എല്‍.എന്‍.ജി ഉപയോഗം വ്യാപിക്കുന്നതിന്റെ ഭാഗമായി ഡല്‍ഹി തിരുവനന്തപുരം ദേശീയ പാതയില്‍ എല്‍.എന്‍.ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."