ഇര
രജനി സുരേന്ദ്രന്‍#
ചൂണ്ടക്കൊളുത്തില്‍
പിടയ്ക്കുന്ന ദൈന്യത്തെ
ഇരയെന്നു വിളിച്ചുല്ലസിച്ച കുട്ടിക്കാലം...
ഊഞ്ഞാലാടിക്കളിച്ച ബാല്യം
മുങ്ങാംകുഴിയിട്ടു നിവരാതായപ്പോള്‍
ആരുടേയോ ചൂണ്ടക്കൊളുത്തില്‍
ഇരയായി പിടഞ്ഞൊടുങ്ങിയെന്ന്
കാറ്റിന്റെ അടക്കംപറച്ചില്‍.
അമ്പലനടയിലും
പള്ളിമേടയിലും
അക്ഷരക്കളരിയിലും
ഈയാംപാറ്റകളായി
ഇരകള്‍ പൊടിഞ്ഞുമാഞ്ഞു...!
പാതിചത്ത ജീവനില്‍
പരിഹാസത്തിന്റെ
കത്തിമുനകള്‍
കുത്തിയിറക്കുന്നവന്റെ കൊലച്ചിരി.
രാവിന്റെ പതുങ്ങലുകളില്‍
കടിച്ചുകുടയുന്ന തേറ്റത്തിളക്കം.
നക്ഷത്രക്കണ്ണുള്ള മാലാഖക്കുഞ്ഞിന്
മാറ്റുകുറയ്ക്കില്ലെന്നു പുതുമൊഴി!
ഗതിവേഗങ്ങളുടെ മിന്നല്‍പ്പിണറുകള്‍
ഇടനെഞ്ചില്‍ ആഴ്ന്നിറങ്ങുമ്പോഴും
നിസഹായതയുടെ നിലവിളികള്‍
വനരോദനങ്ങളായി അലഞ്ഞുനടന്നു...
കാലം പഴയതോ പുതിയതോ..
ഇരക്കൊളുത്ത് കടലാഴങ്ങള്‍ താണ്ടി
ആകാശത്തിന്നറ്റവും തുളച്ച്
തൂങ്ങിയാടുന്നുണ്ടെന്ന തിരിച്ചറിവിലൂടെ
നോവിന്റെ പിടച്ചിലുകള്‍
കണ്ണിലൊളിപ്പിച്ച് 'ഇര'കള്‍
വീണ്ടും വഴികള്‍
താണ്ടിക്കൊണ്ടേയിരിക്കുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."