വയനാട് മെഡിക്കല്‍ കോളജ്; കുപ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്ക് രാഷ്ട്രീയ താല്‍പര്യം മാത്രം: സി.കെ ശശീന്ദ്രന്‍ എം.എല്‍.എ
കല്‍പ്പറ്റ: നിര്‍ദിഷ്ട വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന കുപ്രചാരണങ്ങള്‍ രാഷ്ട്രീയ താല്‍പര്യത്തോടെയുള്ളതാണെന്ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്ന ഇത്തരം പ്രചാരണങ്ങള്‍ ഖേദകരമാണ്. പ്രളയത്തെ തുടര്‍ന്ന് ഡി.ഡി.എം.എ, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കോളജ് നിര്‍ദിഷ്ട സ്ഥലത്ത് തുടങ്ങുന്നത് അനിശ്ചിതത്വത്തിലാണ്. തുടര്‍ പഠനത്തിന് കാലതാമസം നേരിടുമെന്നും കൂടാതെ നിര്‍ദിഷ്ട സ്ഥലത്ത് തന്നെ മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ പറ്റുമെന്ന് ഉറപ്പ് പറയാന്‍ പറ്റില്ലെന്നും ഈ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെഡിക്കല്‍ കോളജിന് പുതിയ സ്ഥലം കണ്ടെത്താന്‍ ബജറ്റില്‍ നിര്‍ദേശിച്ചതെന്ന് എം.എല്‍.എ പറഞ്ഞു.
ഇടത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് നിര്‍മാണ പ്രവര്‍ത്തന നടപടികളുമായി മുന്നോട്ടുപോയിരുന്നു. എന്നാല്‍ 2018 ഓഗസ്റ്റിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് ഡി.ഡി.എംഎ, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ എന്നിവര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കെട്ടിടം പണിയുന്നതിന് തടസങ്ങള്‍ ഉന്നയിച്ചു. 2018 ഒക്ടോബര്‍ 31ന് ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്ന് പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദ പഠനം നടത്തുന്നതിന് ഇന്‍കലിനെ ചുമതലപ്പെടുത്തി. തുടര്‍പഠനത്തിന് ഒരു വര്‍ഷത്തെ കാലാവധി ആവശ്യമാണെന്നും പകരം മറ്റൊരു സ്ഥലം കണ്ടെത്തുന്നതാണ് ഉചിതമെന്നും അറിയിച്ച് കത്ത് നല്‍കി. കെട്ടിട നിര്‍മാണത്തിന് സാങ്കേതിക തടസം ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ റോഡ് പണി ടെണ്ടര്‍ ചെയ്യുന്നത് താല്‍കാലികമായി നിര്‍ത്തിവച്ചു. ഇതാണ് വസ്തുതയെന്നും മെഡിക്കല്‍ കോളജ് പ്രവര്‍ത്തനം ഈ വര്‍ഷം തന്നെ നടപ്പിലാക്കാനുള്ള പരിശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."