മൃതദേഹം രഹസ്യമായി സംസ്‌കരിച്ചു; മരണം കൊലപാതകമെന്ന് പരാതി
പെര്‍ള: ദുരൂഹ സാഹചര്യത്തില്‍ മരിച്ചയാളുടെ മൃതദേഹം രഹസ്യമായി സംസ്‌കരിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹോദരന്‍ കാസര്‍കോട് എ.എസ്.പിക്ക് പരാതി നല്‍കി. സംഭവത്തില്‍ മൂന്നു പേരെ ചോദ്യം ചെയ്തു വരുന്നു. പെര്‍ള ഫഡ്രെ അറളിക്കട്ടയിലെ സുന്ദര(55)യാണ് മരിച്ചത്. കൂലിപ്പണിക്കാരനായ സുന്ദരനെ ഇക്കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം തലക്ക് പരുക്കേറ്റ നിലയില്‍ ചിലര്‍ പെര്‍ളയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നു. പരുക്ക് സാരമുള്ളതാണെന്നെന്ന് ഡോക്ടര്‍ കണ്ടെത്തുകയും മംഗളുരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചതായും പറയുന്നു.
എന്നാല്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കാതെ തറവാട് വീട്ടിലെത്തിച്ച് പിറ്റേ ദിവസം പുലര്‍ച്ചെ നാലോടെ ദഹിപ്പിക്കുകയായിരുന്നു. എന്നാല്‍ സുന്ദരന്റെ മരണ വിവരം അറിയിച്ചില്ലെന്നും മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ നാരായണന്‍ എ.എസ്.പിക്ക് പരാതി നല്‍കിയത്. എ.എസ്.പിയുടെ നിര്‍ദേശ പ്രകാരം പെര്‍ളയിലെ ഡോക്ടറില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ സുന്ദരന്റെ ബന്ധുക്കളായ മൂന്നുപേരെയാണ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നതെന്ന് പൊലിസ് അറിയിച്ചു. സുന്ദരന്റെ ഭാര്യ: സുമതി. മക്കള്‍: ജയന്ത, ജയലക്ഷ്മി. ഈശ്വര മറ്റൊരു സഹോദരനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."