പള്ളി വളപ്പില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം സവിന്റേതല്ലെന്ന് സൂചന
കല്ലമ്പലം: നവായിക്കുളത്തെ വലിയപള്ളി വളപ്പില്‍ യുവാവിനെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി മൂന്നാഴ്ചയായിട്ടും മരിച്ചതാരെന്നറിയാതെ പൊലിസ് ഇരുട്ടില്‍ തപ്പുന്നു.
തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നടത്തിയ ഡി.എന്‍.എ പരിശോധനാഫലത്തില്‍ മൃതദേഹം സവിന്റേതല്ലെന്നാണ് സൂചന.
എന്നാല്‍, പൊലിസ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണം ഇനിയും വൈകിയാല്‍ കോടതിയെ സമീപിക്കുമെന്നും ബന്ധുക്കള്‍ പറഞ്ഞു.
സംഭവദിവസം മുതല്‍ കാണാതായ നാവായിക്കുളത്തു വാടകയ്ക്ക് താമസിക്കുന്ന കീഴാറ്റിങ്ങല്‍ സ്വദേശി സവിന്റെതാണ് മൃതദേഹമെന്ന് പൊലിസ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍, ഇയാളുടെ ഭാര്യയും ബന്ധുക്കളും ഇത് നിഷേധിച്ചതോടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം സംസ്‌കരിക്കാനാകാതെ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ എട്ടിന് രാവിലെയാണ് നാവായിക്കുളം വലിയപള്ളി വളപ്പിലെ കബര്‍സ്ഥാനില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് കത്തിച്ച നിലയിലായിരുന്നു. ആത്മഹത്യയാണോ അപായപ്പെടുത്തിയതാണോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.
മണ്ണെണ്ണ ഒഴിച്ച് സ്വയം തീ കൊളുത്തിയതാകാമെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയും പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടറുടെ പ്രാഥമിക വിലയിരുത്തലിലും പൊലിസ് ഉറപ്പിക്കുന്നുണ്ടെങ്കിലും മരിച്ചയാളെ തിരിച്ചറിഞ്ഞാലേ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണങ്ങളുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരൂ. ഫോറന്‍സിക് പരിശോധനയില്‍ മണ്ണെണ്ണയുടെ അംശം മൃതദേഹം കിടന്ന സ്ഥലത്തെ മണ്ണില്‍ നിന്നും ചാരത്തില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
പള്ളിയുടെ പരിസരത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും സംഭവം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് തെളിയിക്കാന്‍ കഴിയത്തക്ക ദൃശ്യങ്ങളൊന്നും പൊലുസിന് ലഭിച്ചിട്ടില്ല.
ശാസ്ത്രീയ പരിശോധനാഫലത്തെ ആശ്രയിച്ച് അന്വേഷണം നടത്താനാണ് പൊലിസിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."