പൊന്നുമോളുടെ ചിത്രത്തില്‍ മുത്തി, കെട്ടിപ്പിടിച്ചു- നോവോര്‍മകളുടെ തള്ളിച്ചയില്‍ കണ്ണീരായി ആശാ ദേവി
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ നടുങ്ങിയ ആ കറുത്ത രാവിന്റെ ഓര്‍മകള്‍ ഒരിക്കല്‍ കൂടി ആശാദേവിയുടെ, നിര്‍ഭയയുടെ കണ്ണുകളെ നിറച്ചു. അവസാനത്തെ മണിയൊച്ചയും മുഴങ്ങുന്നതിന്റെ നിമിഷങ്ങളെണ്ണിയിരുന്ന പ്രതികളുടേത് പോലെ തന്നെ ഉറങ്ങാതിരുന്നൊരു രാവായിരുന്നു ഇതവര്‍ക്കും. ഒടുക്കം, ഏഴ് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഇന്ന് പുലര്‍ച്ചെ പ്രതികള്‍ക്കു മേല്‍ തൂക്കു കയര്‍ വീണപ്പോള്‍ അവര്‍ പൊന്നുമോളുടെചിത്രത്തില്‍ മുത്തി, അവളെ കെട്ടിപ്പിടിച്ചു.
ക്രൂരതയുടെ അങ്ങേഅറ്റത്തു നിര്‍ത്തി നിന്നെ മരണത്തിലേക്ക് തള്ളിവിട്ട രാക്ഷസന്‍മാരെ കൊന്നിരിക്കുന്നു എന്ന് അവളോട് ആര്‍ത്തു പറഞ്ഞു. 'ഏറെ വേദന നിറഞ്ഞതായിരുന്നു. നീതിക്കായുള്ള ഞങ്ങളുടെ കാത്തിരിപ്പ് വേദന നിറഞ്ഞതായിരുന്നു. പക്ഷേ, ഒടുവില്‍ ആ കാത്തിരിപ്പെല്ലാം നീതിപൂര്‍ണമായി. ആ ക്രൂരമൃഗങ്ങളെ തൂക്കിലേറ്റി'-നിറഞ്ഞ കണ്ണുകള്‍ തുടച്ച് അവര്‍ ആവര്‍ത്തിച്ചു.
'സ്ത്രീകള്‍ക്ക് ഇപ്പോള്‍ അവര്‍ സുരക്ഷിതരാണെന്ന തോന്നലുണ്ടാവും. ഇത്തരമൊരു കുറ്റകൃത്യത്തിന് എന്ത് ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് കുടുംബങ്ങള്‍ അവരുടെ ആണ്‍മക്കളെ പറഞ്ഞ് പഠിപ്പിക്കട്ട', ആശാദേവി പറഞ്ഞു. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് നീതി ലഭിക്കാനുള്ള ഞങ്ങളുടെ പ്രവര്‍ത്തനം ഇനിയും തുടരുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
തന്റെ മകളില്‍ അഭിമാനിക്കുന്നെന്നും നിര്‍ഭയയുടെ അമ്മ എന്ന പേരിലാണ് താനിപ്പോള്‍ അറിയപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. നീതിപീഠത്തിനും സര്‍ക്കാരിനും നന്ദിപറയുന്നെന്നും അവര്‍ പറഞ്ഞു.
ഇത് നീതിയുടെ ദിവസമാണെന്നായിരുന്നു നിര്‍ഭയയുടെ പിതാവ് പ്രതികരിച്ചത്. മാര്‍ച്ച് 20 നിര്‍ഭയ ന്യായ് ദിവസമായി ആചരിക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.
പ്രതികളായ പവന്‍ ഗുപ്ത, മുകേഷ് സിങ്, വിനയ് കുമാര്‍ ശര്‍മ്മ, അക്ഷയ് കുമാര്‍ എന്നിവരുടെ വധശിക്ഷ ഇന്ന് പുലര്‍ച്ചെ 5.30നാണ് യാണ് നടപ്പിലാക്കിയത്. പട്യാല ഹൗസ് കോടതിയുടെ മരണവാറന്റില്‍ തിഹാര്‍ ജയിലിലാണ് പ്രതികളെ തൂക്കിലേറ്റിയത്. രാജ്യത്ത് ആദ്യമായാണ് നാല് പ്രതികളെ പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നത്.
വധശിക്ഷക്ക് സ്റ്റേ ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹരജി ഇന്നലെ ഹൈക്കോടതി തള്ളിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."