HOME
DETAILS
MAL
സംസ്ഥാനത്ത് അസാധാരണ സാഹചര്യം: മുഖ്യമന്ത്രി
backup
March 20 2020 | 04:03 AM
തിരുവനന്തപുരം: കൊവിഡ്-19നെതിരേ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ജാഗ്രതയ്ക്കും ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും. തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായുള്ള കൊവിഡ് പ്രതിരോധ ബോധവത്കരണ പരിപാടിയിലാണ് മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒന്നിച്ചെത്തിയത്.
നമുക്ക് താങ്ങാവുന്നതിനും അപ്പുറത്തുള്ള അവസ്ഥയിലേക്ക് കൊവിഡ് ബാധ ശക്തിപ്പെടാതെ നോക്കണമെന്ന് മുഖ്യമന്ത്രി തദ്ദേശ സ്ഥാപന പ്രതിനിധികളോടും ഉദ്യോഗസ്ഥരോടും പറഞ്ഞു. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ കൊവിഡിനെ നിയന്ത്രിക്കാനാവൂ. വലിയ വിപത്ത് മുന്നില്‍ കണ്ടു കൊണ്ടുള്ള തയാറെടുപ്പുകളാണ് വേണ്ടെതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
താനും മുഖ്യമന്ത്രിയും ഒരുമിച്ചു നിന്നു സംസാരിക്കുന്നത് ജനങ്ങള്‍ക്ക് കൊവിഡിനെ നേരിടാന്‍ ആത്മവിശ്വാസം നല്‍കാനാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ലഭ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി കൊവിഡ്-19 വൈറസിനെ നേരിടണമെന്നും ഇതിനായി വിരമിച്ച ഡോക്ടര്‍മാരുടെ പട്ടിക തയാറാക്കി അവരുടെ സേവനവും ഉപയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കൊവിഡ്-19 വൈറസ് പ്രതിരോധശേഷി കുറഞ്ഞവരെ ഗുരുതരമായി ബാധിക്കുമെന്നതിനാല്‍ സംസ്ഥാനത്തെ പ്രായമായവര്‍, രോഗമുള്ളവര്‍, എന്നിവരുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി ആശ വര്‍ക്കര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം തേടണം. പ്രൈമറി ഹെല്‍ത്ത് സെന്റുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കണം.
കമ്മ്യൂണിറ്റി വളണ്ടിയര്‍മാരെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജരാക്കണം. വീടുകളില്‍ എത്തി ഭക്ഷണം, മരുന്നുകള്‍ എന്നിവ വിതരണം ചെയ്യാനും കൗണ്‍സിലിങ് നടത്താനും ഇവരുടെ സേവനം പ്രയോജനപ്പെടുത്തണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
കേരളത്തില്‍ തുടരുന്ന വിദേശികള്‍ക്ക് അവശ്യ സേവങ്ങളും സൗകര്യങ്ങളും നിഷേധിക്കുന്ന പ്രവണതയെ മുഖ്യമന്ത്രി വിമര്‍ശിച്ചു. വിദേശിയായതിന്റെ പേരില്‍ മാത്രം സേവനങ്ങള്‍ നിഷേധിക്കുന്നത് തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകരെ ഒറ്റപ്പെടുത്തുന്ന രീതിയും ശരിയല്ല.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും തങ്ങളുടെ പരിധിയിലെ ആശുപത്രികളുടെ സൗകര്യങ്ങള്‍, കിടക്കകളുടെ ലഭ്യത, ഐ.സി.യു സൗകര്യം എന്നിവ പരിശോധിച്ച് വിശദമായ കണക്കെടുക്കണം. രോഗവ്യാപനം അടുത്ത ഘട്ടത്തിലേക്ക് കടന്നാല്‍ താമസ സൗകര്യത്തിനു പോരായ്മ വരും. കൂടുതല്‍ പേരെ പാര്‍പ്പിക്കാനുള്ള സംവിധാനങ്ങള്‍ അതിനാല്‍ തയാറാക്കണം. സ്വകാര്യ കെട്ടിടങ്ങള്‍, ലോഡ്ജുകള്‍, ഹോട്ടലുകള്‍ എന്നിവ ആവശ്യം വരുന്ന ഘട്ടം മുന്‍കൂട്ടി കാണണം.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ദൈനംദിന നിരീക്ഷണ ചുമതല അതത് തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്‍മാര്‍ക്കായിരിക്കും.
തയാറെടുപ്പുകള്‍ തുടര്‍ച്ചയായി വിലയിരുത്താനും ശേഖരിക്കുന്ന വിവരങ്ങള്‍ കൃത്യമായിരിക്കാനും തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍ ശ്രദ്ധിക്കണം. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍മാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കണമെന്നും വാര്‍ഡ് തലത്തില്‍ അംഗങ്ങളെ ചുമതല ഏല്‍പിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ സെക്രട്ടറിമാര്‍ക്കും നിര്‍ണായക ഉത്തരവാദിത്തമുണ്ട്. എല്ലാ ഉദ്യോഗസ്ഥരുടേയും പങ്കാളിത്തം സെക്രട്ടറി ഉറപ്പാക്കണം. താങ്ങാവുന്നതിലും അപ്പുറമുള്ള അവസ്ഥ ഉണ്ടാവാതെ ശ്രദ്ധിക്കണം. എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഈ പ്രതിസന്ധി മറി കടക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഒന്നിച്ചു നിന്നു കൈകോര്‍ത്തു പിടിച്ചു പുതിയ മാതൃക സൃഷ്ടിക്കണമെന്നും അവശ്യസാധനങ്ങള്‍ ഒരു തടസവും ഇല്ലാതിരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൃത്രിമ ക്ഷാമം ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടായാല്‍ അത് കലക്ടര്‍ അടക്കമുള്ളവരെ അറിയിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."