HOME
DETAILS
MAL
സന്തോഷ് ട്രോഫിയില്‍ കേരളത്തിന് മരണകളി ; ജയിച്ചേ മതിയാവു, ഇല്ലെങ്കില്‍ ചാംപ്യന്‍ പുറത്തേക്ക്
backup
February 05 2019 | 05:02 AM
#യു.എച്ച് സിദ്ദീഖ്
നെയ്‌വേലി: സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്കുള്ള ദക്ഷിണമേഖല പ്രതിനിധികളെ കണ്ടെത്താനുള്ള പോരാട്ടം മുറുകുമ്പോള്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ എത്രത്തോളം. ചാംപ്യന്മാരായ കേരളത്തിന് ഗ്രൂപ്പ് ബിയില്‍ ഒരു മത്സരം പിന്നിടുമ്പോള്‍ തെലങ്കാന സമ്മാനിച്ച സമനിലയില്‍ നിന്നും ഒരു പോയിന്റു മാത്രമാണ് സമ്പാദ്യം. ഗ്രൂപ്പില്‍ പുതുച്ചേരിയെ 3-0 ന് തോല്‍പ്പിച്ച സര്‍വീസസിന് മൂന്ന് പോയിന്റായി. കേരളത്തിന് ഇനിയുള്ള രണ്ട് മത്സരങ്ങളും നിര്‍ണായകമാണ്. എത്ര നന്നായി കളിച്ചാലും സ്‌കോര്‍ ചെയ്തില്ലെങ്കില്‍ പിന്നെന്തു കാര്യം. ഗോള്‍ അടിക്കുന്നവര്‍ ജയിക്കും. ഗോള്‍ അടിക്കാന്‍ കേരള താരങ്ങള്‍ക്ക് കഴിഞ്ഞില്ലെങ്കില്‍ സന്തോഷ് ട്രോഫി മോഹം നെയ് വേലി ഭാരതി സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍മൈതാനത്ത് അവസാനിക്കും.
ചാംപ്യന്മാരുടെ സാധ്യതകള്‍
നാളെ നടക്കുന്ന പോരാട്ടത്തില്‍ പുതുച്ചേരിയെയും എട്ടിന് അവസാന പോരില്‍ സര്‍വീസസിനെയും തോല്‍പ്പിക്കണം. ഒരു സമനില പോലും പുറത്തേക്കുള്ള വഴിയൊരുക്കും. രണ്ട് ജയം സ്വന്തമാക്കിയാല്‍ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി ഫൈനല്‍ റൗണ്ടിലേക്ക് കേരളത്തിന് കുതിക്കാം. ഫിനിഷിങിലെ പോരായ്മയാണ് കേരളത്തിന് തിരിച്ചടിയായത്. അത് മറികടക്കാനുള്ള തന്ത്രങ്ങളാണ് പരിശീലകന്‍ വി.പി ഷാജി ശിഷ്യര്‍ക്ക് പകര്‍ന്ന് നല്‍കിയിരിക്കുന്നത്. വിജയം അല്ലെങ്കില്‍ മരണം. അത് മാത്രമാണ് കേരളത്തിന് മുന്നിലുള്ളത്.
ശക്തരല്ലാത്ത എതിരാളികള്‍
കേരളത്തിന്റെ കളി മികവും ഒത്തിണക്കവും വെച്ചു നോക്കിയാല്‍ എതിരാളികളായ തെലുങ്കാനയും പുതുച്ചേരിയും സര്‍വീസസും ശക്തരല്ല. പ്രതിരോധക്കോട്ട തീര്‍ത്താണ് തെലങ്കാന കേരളത്തിനെതിരേ വലമുറുക്കിയത്. പ്രതിരോധക്കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി മുന്നേറിയെങ്കിലും ഫിനിഷിങ് പിഴച്ചു. പുതുച്ചേരി ഒട്ടും ശക്തരല്ല. സര്‍വീസസിനെതിരേ നല്ല ഫുട്‌ബോള്‍ കളിച്ച പുതുച്ചേരി നെഗറ്റീവ് ഫുട്‌ബോളിന്റെ വക്താക്കളല്ല. മൂന്ന് ഗോളിന് പിന്നിലായിട്ടും പുതുച്ചേരി കൂടുതല്‍ ഗോള്‍ വീഴാതെ നോക്കുന്നതിന് പകരം ആക്രമിക്കാനാണ് ശ്രമിച്ചത്.
പട്ടാളത്തെ സൂക്ഷിക്കണം
സര്‍വീസസ് കേരളത്തെ വെച്ചു നോക്കുമ്പോള്‍ അത്രശക്തരല്ല. എന്നാല്‍, പാസീവ് ഗെയിം കളിക്കുന്നതിനൊപ്പം ലോങ് ബോളിലൂടെ ആക്രമിക്കും. മികച്ച പ്രതിരോധനിരയുള്ള കേരളത്തിന് പട്ടാളത്തിന്റെ ആക്രമണത്തെ തടയാന്‍ കഴിയും. വേഗത താരതമ്യം ചെയ്താലും കേരളം ഒരു പിടിമുന്നില്‍ തന്നെ. പത്തു പോരെയും ബോക്‌സിന് മുന്നില്‍ നിര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ പട്ടാളക്കാര്‍ മടിക്കില്ല. അതു തന്നെയാണ് കേരളത്തിന് ഭീഷണിയും. പ്രതിരോധത്തെ തകര്‍ത്തു മുന്നേറിയാലും കനത്ത പ്രഹരം നടത്താന്‍ കേരളത്തിന് ആളില്ലാത്തത് ഭീഷണിയാണ്. വിങുകളിലൂടെ ആക്രമണം ശക്തമാക്കി ഗോള്‍ നേടാന്‍ തന്നെയാവും കേരളം ശ്രമിക്കുക. കേരളത്തിന്റെ ഫൈനല്‍ റൗണ്ടിലേക്കുള്ള ദൂരം രണ്ട് വിജയങ്ങളെ ആശ്രയിച്ചിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."