കെയര്‍ ഹോം പദ്ധതി: നാല് വീടുകളുടെ പണി പൂര്‍ത്തീകരിച്ചു
കോട്ടയം: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിന് സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയര്‍ ഹോം പദ്ധതിയിലുള്‍പ്പെട്ട നാല് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എം. ബിനോയ് കുമാറിന്റെ നേതൃത്വത്തിലുളള ഉദ്യോഗസ്ഥര്‍ വീടുകള്‍ സന്ദര്‍ശിച്ച് നിര്‍മ്മാണം വിലയിരുത്തി. താക്കോല്‍ദാനത്തിന് സജ്ജമാണെന്ന് ഉറപ്പുവരുത്തി.
കോട്ടയം താലൂക്കിലെ കുമരകം പുത്തന്‍പുരയില്‍ കുമാരി വിശ്വംഭരന്‍, കല്ലുപുരയ്ക്കല്‍ സി.എന്‍ കുഞ്ഞുമോന്‍, നടുവത്തറയില്‍ സി.എ ഉത്തമന്‍, കര്‍ത്തേയടത്തു കരിയില്‍ അജീഷ് കുമാര്‍ എന്നിവരുടെ വീടുകളാണ് പൂര്‍ത്തീകരിച്ചത്.
വകുപ്പിന്റെ നിര്‍ദേശപ്രകാരം പ്രാദേശിക സഹകരണ ബാങ്കുകള്‍ക്കാണ് ഭവന നിര്‍മ്മാണത്തിന്റെ ചുമതല നല്‍കിയിരുന്നത്.
500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഗുണഭോക്താവിന്റെ താല്‍പര്യാര്‍ഥം 673 ചതുരശ്രയടി വിസ്തീര്‍ണ്ണമുള്ള വീടാണ് സി.എന്‍ കുഞ്ഞുമോനു വേണ്ടി നിര്‍മ്മിച്ചിരിക്കുന്നത്. അധികമായി വേണ്ടി വന്ന തുക ഗുണഭോക്തൃ വിഹിതമായി നല്‍കുകയായിരുന്നു. അഞ്ച് ലക്ഷം രൂപയാണ് ഒരു വീടിന് അനുവദിച്ചിട്ടുള്ളത്.ന
ജില്ലയില്‍ 83 ഗുണഭോക്താക്കളെയാണ് കെയര്‍ ഹോം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ വൈക്കം താലൂക്കില്‍ 60ഉം കോട്ടയം താലൂക്കില്‍ 13ഉം ചങ്ങനാശ്ശേരി താലൂക്കില്‍ 10ഉം വീടുകളാണുള്ളത്. 36 ബാങ്കുകളാണ് നിര്‍മ്മാണച്ചുമതല ഏറ്റെടുത്തിട്ടുളളത്. ഈ മാസം 20നകം 11 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."