വീട്ടില്‍ കയറി ആക്രമണം: മൂന്ന് പ്രതികള്‍ അറസ്റ്റില്‍; പ്രധാന പ്രതിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമം
കടുത്തുരുത്തി : മാന്നാറില്‍ രാത്രിയില്‍ വീട്ടില്‍ കയറി ആക്രമണം നടത്തിയ എസ്.എഫ്.ഐ നേതാക്കളായ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. കടുത്തുരുത്തി ഗവണ്മെന്റ് പോളിടെക്നിക് യൂനിയന്‍ ചെയര്മാന് കൊല്ലം സ്വദേശി ബിബിന്‍ ബോബന് (22), എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി എസ്. അരുണ്‍ (20), എസ്.എഫ്.ഐ നേതാവ് അഭിഷേക് മുരളി (21) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തില്‍ മുഖ്യ പ്രതിയായ സി.പി.എം ഏരിയാ കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയുമായ ടി.എസ് ശരത്തിനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ സി.പി.എമ്മും പൊലിസും ആസൂത്രിതമായ ശ്രമം നടത്തുന്നതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്.
ഡി.വൈ.എഫ്.ഐ നേതാക്കളായ ടി.എസ് ശരത് (32), അര്ജ്ജുന് ചന്ദ്രന് (27) എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്, ശരത് നിരവധി ആക്രമണ കേസുകളില്‍ പ്രതിയാണ്. അക്രമം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സി.പി.എം നേതൃത്വം മൂന്ന് പേരെ കടുത്തുരുത്തി പോലീസ് സ്റ്റേഷനില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ വൈക്കം കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് നാല്‍പ്പതോളം വരുന്ന അക്രമിസംഘം മാരകായുധങ്ങളുമായി ആപ്പാഞ്ചിറ മാന്നാര്‍ പതിപ്പറമ്പില്‍ ജോര്‍ജി(55)ന്റെ വീട് തല്ലിത്തകര്‍ക്കുകയും കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തത്. ആക്രമണത്തില്‍ ജോര്‍ജിനും, ഭാര്യ ചന്ദ്രിക (46), മക്കളായ ജെയ്മോന് (21), ജെറി (19) എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഇവര്‍ വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."