വ്യവസായ പദ്ധതികളുമായി കൊക്കക്കോള തിരിച്ചെത്തുന്നു
#വി.എം ഷണ്‍മുഖദാസ്
പാലക്കാട്: അടച്ചുപൂട്ടിയ കൊക്കക്കോള കമ്പനി പുതിയ മാമ്പഴ സംസ്‌കരണ ഫാക്ടറിയുമായി വീണ്ടും തിരിച്ചെത്തുന്നു. കുത്തക കമ്പനിയായ ജയിനുമായി കൂടിച്ചേര്‍ന്നാണ് പുതിയ സംരംഭവുമായി കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്.
കൊക്കക്കോള നിര്‍മാണത്തിന്റെ ഭാഗമായി പ്രദേശത്ത് രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന്റെ പേരില്‍ 17 വര്‍ഷമായി കമ്പനിക്കെതിരേ നിരന്തര സമരം നടക്കുന്നതിനാല്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ നടപ്പിലാക്കിയാണ് കമ്പനി പ്രവര്‍ത്തനം ആരംഭിക്കുന്നത്. പ്രവര്‍ത്തനാനുമതിക്കായി പെരുമാട്ടി പഞ്ചായത്തിലും മുഖ്യമന്ത്രിക്ക് നേരിട്ടും കമ്പനിയുടെ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുണ്ട്.
സമരസമിതിയുടെ കേസ് നടത്തിപ്പിന്റെ ഭാഗമായി 216.7 നഷ്ടപരിഹാരം കൊക്കക്കോള നല്‍കണമെന്ന് 2011 ഫെബ്രുവരി 11ന് കേരളാ നിയമസഭ പ്ലാച്ചിമട ട്രൈബ്യൂണല്‍ പാസാക്കിയിട്ടും നഷ്ടപരിഹാരം ഇരകള്‍ക്ക് ഇതുവരെ നല്‍കുന്നതിന് കമ്പനിയും ആവശ്യമായ ഇടപെടല്‍ നടത്തുന്നതിന് സര്‍ക്കാരും തയാറായിട്ടില്ല.
ഈ സാഹചര്യത്തിലാണ് കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റി ഇനീഷ്യേറ്റീവ്‌സിന്റെ (സി.എസ്.ആര്‍.ഐ) ഭാഗമായ പദ്ധതികള്‍ പ്രഖ്യാപിച്ചുകൊണ്ട് കോളക്കമ്പനിയുടെ രണ്ടാം വരവ്.
മൂന്ന് ഘട്ടങ്ങളിലായുള്ള പദ്ധതിക്കാണ് ഹിന്ദുസ്ഥാന്‍ കൊക്കക്കോള ബിവറേജസ് പ്രൈവറ്റ് ലിമിറ്റഡ് അനുമതി തേടിയിരിക്കുന്നത്. കൊക്കക്കോള പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്ന 34 ഏക്കര്‍ സ്ഥലത്താണ് പദ്ധതി ഉദ്ദേശിക്കുന്നത്.
ആദ്യഘട്ടത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് കമ്പനി മുന്നോട്ട് വയ്ക്കുന്നത്. ആരോഗ്യസംരക്ഷണ കേന്ദ്രം, കരിയര്‍ ഡെവലപ്‌മെന്റ് സെന്റര്‍, വനിതാ ശാക്തീകരണത്തിനായി സ്വയംതൊഴില്‍ പരിശീലന പദ്ധതികള്‍, എട്ടുമുതല്‍ 12ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് ട്യൂഷന്‍ സെന്റര്‍ എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടത്. രണ്ടാം ഘട്ടത്തില്‍ ജയിന്‍ ഫാം ഫ്രഷ് ലിമിറ്റഡ് കമ്പനിയുടെ 'ഉന്നതി' എന്ന പദ്ധതി പ്ലാച്ചിമടയില്‍ നടപ്പാക്കും. മുമ്പ് പ്രവര്‍ത്തിച്ചിരുന്ന പ്ലാന്റും കുളങ്ങളും കിണറുകളും നില്‍ക്കുന്ന പ്രദേശമൊഴികെ 34 ഏക്കറില്‍ 25 മുതല്‍ 27 ഏക്കര്‍ വരെയുള്ള സ്ഥലം കൃഷിക്കായി ഉപയോഗിക്കുമെന്നാണ് കമ്പനിയുടെ ശുപാര്‍ശ.
കര്‍ഷകര്‍ക്ക് പുതുതായി ചെയ്യുന്ന കൃഷിരീതി സംബന്ധിച്ച് പ്രത്യേകം പരിശീലനവും നല്‍കും. ഇതിന് പുറമെ നഴ്‌സറിയും തുടങ്ങും. ജെയിന്‍ കമ്പനി തന്നെയായിരിക്കും ഈ ഘട്ടത്തില്‍ പദ്ധതികള്‍ നടപ്പാക്കുക. രണ്ട് വര്‍ഷം മുതല്‍ മൂന്നുവര്‍ഷം വരെ കാലാവധിക്കുള്ളില്‍ രണ്ടാംഘട്ടം പൂര്‍ത്തീകരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
തുടര്‍ന്ന് കാപ്പി, പൈനാപ്പിള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയിലേക്കും ഉന്നതി വ്യാപിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ മൂന്നാംഘട്ടത്തില്‍ നടത്തും. ഇതാണ് പുതിയ കമ്പനിയുടെ പ്രോജക്ട് പ്രൊപ്പോസല്‍.
എന്നാല്‍, നഷ്ടപരിഹാരം നല്‍കാതെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും, സാമൂഹിക സേവനങ്ങളുടെ പേരുപറഞ്ഞ് പ്ലാച്ചിമടക്കാരെ ഭിന്നിപ്പിച്ചു കമ്പനി പ്രവര്‍ത്തിപ്പിക്കാമെന്ന് കമ്പനി തീരുമാനിച്ചാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും സമരസമിതി നേതാവ് ആറുമുഖന്‍ പത്തിച്ചിറ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."