സന്തോഷത്തിന് പുതുച്ചേരി കടക്കണം
സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ലക്ഷ്യമിടുന്ന കേരളത്തിന് സന്തോഷിക്കാന്‍ വിജയം അനിവാര്യം. ദക്ഷിണമേഖല ഗ്രൂപ്പ് ബിയില്‍ പുതുച്ചേരിയെ നേരിടാന്‍ ഇന്ന് ഭാരതി സ്റ്റേഡിയത്തിലെ പുല്‍മൈതാനത്ത് വിജയത്തില്‍ കുറഞ്ഞതൊന്നും കേരളത്തിന്റെ ലക്ഷ്യത്തിലില്ല. വിജയം അല്ലെങ്കില്‍ മരണം എന്നതാണ് ചാംപ്യന്മാരുടെ നിലവിലെ സ്ഥിതി. ഒരു സമനില പോലും പുറത്തേക്കുള്ള വഴി തുറക്കുമെന്നിരിക്കെ പരിശീലകന്‍ വി.പി ഷാജിയും പോരാളികളും അത് മറികടക്കാനുറച്ചാണ് കളത്തിലിറങ്ങുന്നത്. തെലങ്കാനയോട് ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നതാണ് കേരളത്തിന്റെ ഫൈനല്‍ റൗണ്ട് മോഹങ്ങള്‍ക്ക് പ്രഹരമേല്‍പ്പിച്ചത്.
ചാംപ്യന്മാരുടെ സാധ്യതകള്‍
പുതുച്ചേരിയെ ഇന്ന് തോല്‍പ്പിച്ച് വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കണം. എട്ടിന് അവസാന ഗ്രൂപ്പ് പോരില്‍ സര്‍വിസസിനെയും കീഴടക്കണം. അങ്ങനെ സംഭവിച്ചാല്‍ ഏഴ് പോയിന്റുമായി ഗ്രൂപ്പ് ചാംപ്യന്മാരായി കേരളത്തിന് ഫൈനല്‍ റൗണ്ട് ബര്‍ത്ത് ഉറപ്പിക്കാം. സമനില വഴങ്ങേണ്ടി വന്നാല്‍ കേരളം പുറത്താകും. ഇന്ന് തെലങ്കാനയെ നേരിടുന്ന സര്‍വിസസ് ജയിച്ചാല്‍ അവര്‍ക്ക് ആറ് പോയിന്റാകും. തെലങ്കാന സര്‍വിസസിനെ തോല്‍പ്പിച്ചാല്‍ കേരളത്തിന്റെ വഴി കൂടുതല്‍ സുഗമമാകും. സമനില പിടിച്ചാല്‍ സര്‍വിസസിന് നാല് പോയിന്റും. തെലങ്കാനയോട് സര്‍വിസസ് ജയിച്ചാല്‍ കേരളത്തെ സമനിലയില്‍ കുരുക്കി പട്ടാളത്തിന് ഏഴു പോയിന്റുമായി ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാം. അടുത്ത രണ്ട് മത്സരവും ജയിച്ചാല്‍ തെലങ്കാനയ്ക്കും സാധ്യതയുണ്ട്. മികച്ച ഗോള്‍ ശരാശരിയാവും ഗ്രൂപ്പ് ചാംപ്യന്മാരെ നിശ്ചയിക്കുക. അതുകൊണ്ടു തന്നെ പുതുച്ചേരിയെയും സര്‍വിസസിനെയും കീഴടക്കാതെ കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് മുന്നേറാനാവില്ല.
ആക്രമിക്കാന്‍ അനുരാഗ്
ഫിനിഷിങിലെ താളപ്പിഴ മറികടക്കാന്‍ മുന്നേറ്റ നിരയെ അഴിച്ചുപണിതാവും കേരളം ഇന്ന് പുതുച്ചേരിയെ നേരിടുക. മുഹമ്മദ് ഇനായത്തിനെയോ ക്രിസ്റ്റി ഡേവിസിനെയോ പകരക്കാരുടെ ബെഞ്ചിലേക്ക് മാറ്റി പി.സി അനുരാഗിനെ മുന്നേറ്റ നിരയില്‍ ഇറക്കാനാണ് പരിശീലകന്‍ വി.പി ഷാജി ലക്ഷ്യമിടുന്നത്. ഒത്തിണക്കം പ്രകടിപ്പിക്കുന്ന ശക്തമായ പ്രതിരോധനിരയിലും മധ്യനിരയിലും അഴിച്ചുപണി ഉണ്ടാവില്ല. കാവല്‍ക്കാരനായി ഒന്നാം നമ്പര്‍ ഗോളി വി. മിഥുന്‍ തന്നെ വലകാക്കാന്‍ എത്തും.
ഗോളടിക്കണം, ജയിക്കണം
വിങുകളിലൂടെയുള്ള ആക്രമണമാണ് കേരളം ലക്ഷ്യം വയ്ക്കുന്നത്. തെലങ്കാനയെ വിങുകളിലൂടെ ആക്രമിച്ചെങ്കിലും ഫിനിഷിങിലെ പോരായ്മയാണ് തിരിച്ചടിയായത്. അതുമറി കടക്കാനുള്ള തന്ത്രമാണ് ഇന്നലെ പരിശീലനത്തില്‍ വി.പി ഷാജി നടത്തിയത്. ഇരുവിങുകളിലൂടെയും ആക്രമിച്ച് കയറി നീളന്‍ ക്രോസുകളിലൂടെ ഗോള്‍ കണ്ടെത്താനുള്ള കഠിന പരിശീലനമാണ് നടത്തിയത്. പുതുച്ചേരിയോട് ജയത്തില്‍ കുറഞ്ഞതൊന്നും കേരളം പ്രതീക്ഷിക്കുന്നില്ലെന്ന് പരിശീലനത്തിന് ശേഷം വി.പി ഷാജി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."