ചാരവൃത്തി: ഈജിപ്തില്‍ മുര്‍സിക്ക് 40 വര്‍ഷം തടവ്
കെയ്‌റോ: ചാരവൃത്തിക്കേസില്‍ ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ 40 വര്‍ഷത്തെ തടവിനു ശിക്ഷിച്ചു. മുഹമ്മദ് മുര്‍സി ഉള്‍പ്പെടെ 11 പേരുടെ ശിക്ഷാവിധിയാണ് ഈജിപ്ത് കോടതി പുറപ്പെടുവിച്ചത്. ആറു പേരുടെ വധശിക്ഷ ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. അല്‍ജസീറയുടെ മാധ്യമപ്രവര്‍ത്തകരും ശിക്ഷിക്കപ്പെട്ടവരില്‍ ഉള്‍പ്പെടും.
കഴിഞ്ഞ മെയ് ഏഴിനു കോടതി പുറപ്പെടുവിച്ച വിധിയാണ് മേല്‍ക്കോടതി ഇന്നലെ ശരിവച്ചത്. ഖത്തറിനുവേണ്ടി ചാരവൃത്തി നടത്തിയെന്നാണ് അല്‍ജസീറ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയുള്ള കുറ്റം. ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ഷൗഖി അല്ലാം ആണ് കോടതിവിധി ശരിവച്ചത്. ഈജിപ്തിലെ നിയമ പ്രകാരം വധശിക്ഷയ്ക്ക് രാജ്യത്തെ ഏറ്റവും ഉന്നതനായ മതനേതാവായ ഗ്രാന്‍ഡ് മുഫ്തിയുടെ അനുമതി വേണം. ആറു പേര്‍ക്കാണ് വധശിക്ഷ ലഭിച്ചത്. ഇവരുടെ ശിക്ഷാവിധിയില്‍ മുഫ്തി ഒപ്പുവച്ചു. മുര്‍സിയുടെ രണ്ട് അനുയായികള്‍ക്ക് 25 വര്‍ഷം തടവ് വിധിച്ചു. ഈജിപ്തില്‍ 25 വര്‍ഷമാണ് ജീവപര്യന്തം. മറ്റു കേസില്‍ മുര്‍സിക്ക് നേരത്തെ വധശിക്ഷ വിധിക്കപ്പെട്ടിരുന്നു.
മുര്‍സിയുടെ സെക്രട്ടറി അമിന്‍ അല്‍ സിറാഫി മകള്‍ കരിമക്കും 15 വര്‍ഷം അധികം തടവ് വിധിച്ചു. അല്‍ജസീറ അറബിക് ചാനലിന്റെ മുന്‍ ഡയരക്ടര്‍ ഇബ്‌റാഹിം ഹിലാലിന്റെ വധശിക്ഷയും ശരിവച്ചു. ഹിലാല്‍ ഇപ്പോള്‍ ഈജിപ്തിലില്ല. വിചാരണ പൂര്‍ണമായും കെട്ടിച്ചമച്ചതായിരുന്നുവെന്നു ഹിലാല്‍ പ്രതികരിച്ചു. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഈജിപ്തിനു പുറത്തും അകത്തുമുള്ള മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം വരെ അല്‍ജസീറയിലുണ്ടായിരുന്ന അലാ സബ്്‌ലാന്‍, ബ്രദര്‍ഹുഡിന്റെ റസാദ് ന്യൂസ് നെറ്റ്്‌വര്‍ക്കിലെ ലേഖിക അസ്്മ അല്‍കാതിബ് എന്നിവര്‍ക്കും വധശിക്ഷ വിധിച്ചു. ഇവരും ഇപ്പോള്‍ ഈജിപ്തിലില്ല. രാഷ്ട്രീയപ്രവര്‍ത്തകനായ അഹ്്മദ് അഫിഫി, ഫ്‌ളൈറ്റ് അറ്റന്റന്‍ഡ് മുഹമ്മദ് കിലാനി, അക്കാദമിക് അഹ്്മദ് ഇസ്്മായില്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
2013ലെ അട്ടിമറിക്ക് ശേഷം മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി ജയിലിലാണ്. ജയില്‍ഭേദനക്കേസില്‍ മുര്‍സി വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിരുന്നു. 2011 ജനുവരി മുതലാണ് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഈജിപ്തില്‍ പൊട്ടിപ്പുറപ്പെട്ടത്. ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതു മുതല്‍ തങ്ങളെ ഈജിപ്ത് ഭരണകൂടം വേട്ടയാടുകയായിരുന്നുവെന്ന് അല്‍ജസീറ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."