കുന്ദമംഗലത്ത് അത്യാധുനിക സൗകര്യമുള്ള ആശുപത്രിയുമായി മുസ്ലിം ലീഗ്
കുന്ദമംഗലം: കുന്ദമംഗലത്ത് ആധുനിക സൗകര്യമുള്ള ആശുപത്രി തുടങ്ങുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴില്‍ ആരംഭിക്കുന്ന ശിഹാബ് തങ്ങള്‍ ഫൗണ്ടേഷനാണ് ആശുപത്രി ആരംഭിക്കുന്നത്.
മൂന്നു കോടി രൂപ ചെലവില്‍ 25 ബെഡ്ഡുകളുള്ള 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗമുള്ള ആശുപത്രിയാണ് തുടങ്ങുക. കുന്ദമംഗലം ടൗണിന് സമീപത്തായി തുടങ്ങുന്ന ആശുപത്രിക്ക് പൊതുജനങ്ങളില്‍ നിന്ന് ഷെയറായി പണം സ്വരൂപിക്കും. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സയും മറ്റുള്ളവര്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സയും നല്‍കും.
ഫൗണ്ടേഷന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് നാലിന് ആനപ്പാറ ഖസര്‍ ടവര്‍ ഹാളില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഫൗണ്ടേഷന് ചെയര്മാന് യു.സി രാമന്, കണ്‍വീനര്‍ ഒ. ഹുസൈന്, മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി ഖാലിദ് കളിമുണ്ട, ഫൗണ്ടേഷന് ട്രഷറര്‍ അരിയില്‍ മൊയ്തീന് ഹാജി, കെ.പി കോയ, അരിയില്‍ അലവി, സി. അബ്ദുല്‍ ഗഫൂര്‍, വി.പി സലിം എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."